കോവിഡ് പ്രതിരോധ രംഗത്ത് ചെന്പേരി വിമൽജ്യോതി കോളജിന്റെ ഗവേഷണ സംഭാവനകൾ തുടരുന്നു. ഏറ്റവുമൊടുവിൽ അന്തരീക്ഷത്തിൽനിന്നു നേരിട്ട് ഓക്സിജനെ വേർതിരിച്ചെടുക്കുന്ന മെഷീൻ നിർമിച്ചാണ് വിമൽ ജ്യോതി വിദ്യാർഥികൾ ശ്രദ്ധേയരാകുന്നത്.
രണ്ടാംവർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗം വിദ്യാർഥികളായ എൻ. അങ്കിത, മാനസ് ടോം, ആഷിക് ബെന്നി, ജോബിൻ ജോസഫ്, എ.വി. നിസ്വാർത്ഥ്, സി.എച്ച്. ധനുഷ്, നെവിൻ സജി, നയന സജി, ഗോപിക ഗോപാലകൃഷ്ണൻ, ടി. ഗീതിക, ശിൽപ എം. നായർ, ജീന ജോർജ് എന്നിവർ ചേർന്നാണ് ഈ “ഓക്സിജൻ കോൺസൻട്രേറ്ററിന്റെ” പ്രോട്ടോടൈപ്പ് വേർഷൻ രൂപകല്പന ചെയ്തത്.
ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കോവിഡ് രോഗികൾക്ക് ആശുപത്രികളിൽ ആവശ്യമായ ഓക്സിജന്റെ കടുത്ത ക്ഷാമം അനുഭവപ്പെടുന്ന ഈ കാലഘട്ടത്തിൽ ചുരുങ്ങിയ ചെലവിൽ ലഭിക്കുന്ന ഈ ഉപകരണം ഏറെ സഹായകമാകും. വിപണിയിൽ ഇന്നു ലഭ്യമാകുന്ന ഓക്സിജൻ കോൺസൻട്രേറ്ററിനേക്കാൾ വളരെ ചുരുങ്ങിയ ചെലവിൽ ആവശ്യക്കാർക്ക് ലഭ്യമാക്കാൻ സാധിക്കുന്ന ഈ മെഷീൻ വ്യാവസായികാടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാകുംവിധം നിർമിച്ചു നൽകുന്നതിനുള്ള ഒരുക്കത്തിലാണ് കോളജും വിദ്യാർഥികളും.
വിപണിയിലുള്ള കോൺസൻട്രേറ്ററിന് 60,000 രൂപമുതൽ ഒരു ലക്ഷം രൂപയോളം ചെലവ് വരും. എന്നാൽ വിദ്യാർഥികൾ നിർമിച്ച ഈ മെഷീന് 26,000 രൂപയ്ക്ക് അടുത്തു മാത്രമേ ചെലവ് വരൂ. കോവിഡ് കാലഘട്ടത്തിൽ തന്നെ ജനോപകാരപ്രദമായ “മെഡിക്കൽ അസിസ്റ്റന്റ്സ് റോബോട്ട്, പെഡൽ ഓപ്പറേറ്റഡ് സാനിറ്റൈസർ ഡിസ്പെൻസർ, റോബോ സാനിറ്റൈസർ ഡിസ്പെൻസർ, വലിയ മാളുകളിലും ആശുപത്രികളിലുമൊക്കെ ആളുകളുടെ നിയന്ത്രണം സാധ്യമാക്കുന്ന ക്രൗഡ് കൺട്രോളിംഗ് റോബോ സിസ്റ്റം” അടക്കമുള്ള പല കണ്ടുപിടിത്തങ്ങളും നടത്തി ജില്ലയിലെ വിവിധ കോവിഡ് സെന്ററുകളിലേക്ക് അവ നൽകി വിമൽജ്യോതി വിദ്യാർഥികൾ ശ്രദ്ധ നേടിയിരുന്നു