കണ്ണൂർ: ഓരോ സ്ഥലങ്ങളിലേക്കുള്ള ബസുകൾക്ക് പ്രത്യേക നമ്പറുകൾ നൽകുന്ന സംവിധാനം കെഎസ്ആർടിസിയിൽ നടപ്പിലാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരിക്കുകയാണ് കണ്ണൂർ സർവകലാശാല.
തിരുവനന്തപുരം നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി ജില്ലാഭരണകൂടം, ഡിടിപിസി എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് നടപ്പിലാക്കുന്നത്.
കണ്ണൂർ സർവകലാശാലയുടെ പാലയാട് കാമ്പസിലെ മാനേജ്മെന്റ് പഠനവകുപ്പ് വിദ്യാർഥികൾ 2016-ൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. യാത്രക്കാർക്ക് എളുപ്പത്തിൽ ബസ് കണ്ടെത്താൻ സഹായിക്കുന്നതിനായി നമ്പറിംഗിന് പുറമെ ഓരോ മേഖലയിലേക്കുള്ള ബസുകൾക്ക് വ്യത്യസ്ത നിറങ്ങളും നൽകിയിട്ടുണ്ട്. നീല, മഞ്ഞ, പച്ച, ചുവപ്പ് എന്നീ നിറങ്ങളിലാണ് ബസുകൾ നിരത്തിലിറങ്ങുക. ഇതുവഴി പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം എളുപ്പത്തിൽ ഓർത്തെടുക്കാനാകും.
നിലവിൽ തിരുവനന്തപുരം നഗരത്തിലെ സിറ്റി ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിലാണ് പദ്ധതി പൂർത്തിയായിരിക്കുന്നത്.
പരീക്ഷണാടിസ്ഥാത്തിൽ നടപ്പിലാക്കുന്ന പദ്ധതി പൊതുജനങ്ങളിൽനിന്നുള്ള സ്വീകാര്യത പരിശോധിച്ച് ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്കും സംസ്ഥാനത്ത് മുഴുവനായും നടപ്പിലാക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.
ഇതരസംസ്ഥാന തൊഴിലാളികൾ, വിനോദ സഞ്ചാരികൾ, പ്രായമായവർ എന്നിവർക്ക് വളരെ സഹായകരമായ രീതിയിലാണ് റൂട്ട് നമ്പറിംഗ് സിസ്റ്റം നടപ്പാക്കിയിരിക്കുന്നത്.
previous post