തലശേരി: നിയന്ത്രിതമായ പങ്കാളിത്തത്തോടെ തിരുക്കർമങ്ങൾ നടത്താൻ ദേവാലയങ്ങൾ തുറന്നുനൽകണമെന്ന് ആവശ്യപ്പെട്ട് തലശേരി അതിരൂപത കുടുംബ കൂട്ടായ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കോവിഡിന്റെ രണ്ടാംതരംഗത്തിൽ മാതാപിതാക്കളും സഹോദരങ്ങളും ജീവിതപങ്കാളികളും മക്കളും നഷ്ടപ്പെട്ട അനേകർ തീവ്രമായ ദുഃഖത്തിലും വേദനയിലുമാണ് ജീവിതത്തെ നേരിടുന്നത്. മരിച്ചുപോയ പ്രിയപ്പെട്ടവർക്കുവേണ്ടി ദേവാലയത്തിൽ തിരുക്കർമങ്ങൾ നടത്തുവാനും സെമിത്തേരികൾ സന്ദർശിക്കാനുമാകാത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ വിശ്വാസികൾക്ക് വലിയ മാനസികസംഘർഷവും ആത്മീയവേദനയും സൃഷ്ടിക്കുകയാണ്. അതിനാൽ മരിച്ചവരുടെ പ്രിയപ്പെട്ടവർക്കുവേണ്ടി ദേവാലയത്തിൽ ഏഴ്, 14, 41, വാർഷികം തുടങ്ങിയ ഓർമദിനങ്ങളിൽ ദിവ്യബലി അർപ്പിക്കാനും സെമിത്തേരിയിൽ ഒപ്പീസ് നടത്താനും സാധിക്കുന്നില്ല. വിശ്വാസികളുടെ അവകാശം ലഘിക്കപ്പെടുകയാണ്. ആത്മീയ മേഖലയെ പൂർണമായും നിരോധിച്ചുകൊണ്ടുള്ള നിലവിലെ ലോക്ഡൗൺ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് തിരുക്കർമങ്ങൾ അനുഷ്ഠിക്കാൻ ദേവാലയങ്ങൾ തുറന്നു തരണം. സർക്കാർ നിർദേശിച്ച അകലം പാലിച്ചുകൊണ്ട് സമ്മേളിക്കാൻ സാധിക്കുന്ന വലിപ്പം എല്ലാ ദേവാലയങ്ങൾക്കുമുണ്ട്. അതിനാൽ മിനിമം അമ്പതുപേരെയെങ്കിലും പങ്കെടുപ്പിച്ച് തിരുക്കർമങ്ങൾ നടത്തുവാനുള്ള അനുവാദം ഉടൻ നൽകണമെന്ന് അതിരൂപത കുടുംബ കൂട്ടായ്മയ്ക്കുവേണ്ടി ഡയറക്ടർ ഫാ. മാത്യു ആശാരിപറമ്പിൽ, പ്രസിഡന്റ് ഡോ. മാത്യു മണ്ഡപത്തിൽ, സെക്രട്ടറി ജോർജ് തയ്യിൽ എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ അഭ്യർത്ഥിച്ചു.