24.2 C
Iritty, IN
April 13, 2024
  • Home
  • Newdelhi
  • കേരളത്തില്‍ നിന്ന് ഐ.എസിലേക്ക് പോയ വനിതകളെ തിരിച്ച് ഇന്ത്യയിലേക്ക് കൊണ്ടു വരില്ലെന്ന് കേന്ദ്രം
Newdelhi Uncategorized

കേരളത്തില്‍ നിന്ന് ഐ.എസിലേക്ക് പോയ വനിതകളെ തിരിച്ച് ഇന്ത്യയിലേക്ക് കൊണ്ടു വരില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: കേരളത്തില്‍ നിന്ന് ഐ.എസിലേക്ക് പോയ വനിതകളെ തിരിച്ച് ഇന്ത്യയിലേക്ക് കൊണ്ടു വരില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തീവ്രവാദികളുടെ വിധവകളായി സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നീ നാല് മലയാളി യുവതികളാണ് അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിയുന്നത്. 2016-17 സമയത്ത് ഐ.എസിൽ ചേരാനായി ഭർത്താക്കന്മാർക്കൊപ്പം രാജ്യം വിട്ട യുവതികൾ ആദ്യം ഇറാനിലും പിന്നീട് അവിടെ നിന്നും അഫ്​ഗാനിസ്ഥാനിലെത്തുകയുമായിരുന്നു. ഐ.എസിന് നേരെ അമേരിക്കൻ വ്യോമസേന നടത്തിയ മിസൈലാക്രമണത്തിൽ നാല് പേരുടേയും ഭർത്താക്കൻമാർ കൊല്ലപ്പെട്ടു.
പിന്നീട് യു.എസിന്‍റെ തുടർച്ചയായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഐ.എസ് ചിന്നഭിന്നമായതോടെ 2019-ൽ നാല് മലയാളി യുവതികളടക്കം ഐഎസ്
കേന്ദ്രങ്ങളിലുണ്ടായിരുന്ന 408 പേര്‍ അഫ്ഗാനിസ്ഥാൻ സർക്കാരിന് മുന്നിൽ കീഴടങ്ങി. ഇതിന് ശേഷം ജയിലില്‍ കഴിഞ്ഞു വന്ന ഇവരെ ഇന്ത്യ തിരികെ സ്വീകരിക്കണമെന്ന് അഫ്ഗാന്‍ സർക്കാർ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. അന്താരാഷ്ട്ര തീവ്രവാദ ശക്തികളുമായി യോജിച്ച് പ്രവർത്തിച്ച ഇവരെ തിരികെ കൊണ്ടു വരുന്നത് ​സുരക്ഷാപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ഇന്ത്യന്‍ സുരക്ഷാ ഏജൻസികളുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഇവരെ തിരികെ എത്തിക്കേണ്ടെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്.
അതേസമയം അഫ്ഗാൻ ജയിലിൽ നിമിഷ ഫാത്തിമയെ നാട്ടിൽ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നിമിഷയുടെ അമ്മ ബിന്ദു ആരോപിച്ചു. തനിക്ക് തന്‍റെ മകളെ കാണണമെന്നും, അതിന് വേണ്ടി വന്നാൽ അഫ്ഗാനിസ്ഥാനിൽ പോകാനും തയ്യാറാണെന്നും ബിന്ദു വൈകാരികമായി പ്രതികരിച്ചു. കാബൂളിൽ നിന്ന് ബന്ധപ്പെട്ടിട്ടും ഇന്ത്യൻ സർക്കാർ പ്രതികരിക്കാത്തതിൽ നിരാശയുണ്ട്. അമിത് ഷാ ഉൾപ്പെടെ ഉള്ളവരെ ബന്ധപ്പെട്ടിട്ടും ഒരു മറുപടിയും ഉണ്ടായില്ലെന്നും അവർ പറയുന്നു. മനുഷ്യാവകാശം നിഷേധിക്കാൻ ആർക്കാണ് അവകാശമുള്ളത്. കേന്ദ്രസർക്കാരിന്‍റേത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും മരണക്കയത്തിലേക്ക് മകളെ വിട്ടു കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അമ്മ കുറ്റപ്പെടുത്തി.

Related posts

ബ്രസീല്‍ സൂപ്പർ താരം നെയ്മറുടെ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; വീട് കൊള്ളയടിച്ചു

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

ഇന്ന് ദുഖവെള്ളി; ക്രിസ്തുവിന്‍റെ കുരിശുമരണ സ്മരണയിൽ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍

Aswathi Kottiyoor
WordPress Image Lightbox