23.3 C
Iritty, IN
July 27, 2024
  • Home
  • Thiruvanandapuram
  • ലോക്ഡൗൺ കാലത്ത് ഫ്യൂസ് ഊരില്ല; വൈദ്യുതി ബില്ല് തവണകളായി അടയ്ക്കാൻ സാവകാശം..
Thiruvanandapuram

ലോക്ഡൗൺ കാലത്ത് ഫ്യൂസ് ഊരില്ല; വൈദ്യുതി ബില്ല് തവണകളായി അടയ്ക്കാൻ സാവകാശം..

തിരുവനന്തപുരം: ലോക്ഡൗൺ സാഹചര്യത്തിൽ വൈദ്യുതി ബിൽ അടച്ചില്ലെങ്കിലും തൽക്കാലം ഫ്യൂസ് ഊരില്ല. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വൈദ്യുതി ബോർഡ് ഇത്തരമൊരു തീരുമാനം എടുത്തത്. ലോക്ഡൗൺ കഴിഞ്ഞാലും തിരക്കിട്ട് ബിൽ ഈടാക്കാൻ നടപടി സ്വീകരിക്കില്ലെന്നും ഉപയോക്താക്കൾക്ക് തവണകളായി അടയ്ക്കാൻ സാവകാശം നൽകുമെന്നും വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള അറിയിച്ചു.

ലോക്ഡൗൺ നിലവിലുണ്ടെങ്കിലും സംസ്ഥാനത്തെ 90% ഉപയോക്താക്കളുടെയും മീറ്റർ റീഡിങ് ഇപ്പോൾ നടക്കുന്നുണ്ട്. ട്രിപ്പിൾ ലോക്ഡൗൺ മേഖല, കണ്ടെയ്ൻമെന്റ് സോൺ എന്നിവിടങ്ങളിൽ മീറ്റർ റീഡർമാർ പോകുന്നില്ല. ഇത്തരം സ്ഥലങ്ങളിൽ റീഡിങ്ങിന്റെ ഫോട്ടോ എടുത്ത് അയച്ചാ‍ൽ അതിന് അനുസരിച്ചു ബിൽ നൽകും.

അതിനു സാധിക്കാത്തവർക്ക് കഴിഞ്ഞ മൂന്നു ബില്ലിന്റെ ശരാശരി ആയിരിക്കും നൽകുക. ഇതിലുള്ള വ്യത്യാസം പിന്നീട് മീറ്റർ റീഡിങ് എടുക്കുന്ന സമയത്ത് കണക്കാക്കും. അടച്ച തുക കൂടുതലെങ്കിൽ അടുത്ത ബില്ലിൽ കുറച്ചു കൊടുക്കും. ലോക്ഡൗൺ കാലത്ത് വൈദ്യുതി ബോർഡിന്റെ വരുമാനം ദിവസം 30–32 കോടിയായി കുറഞ്ഞു. സാധാരണ 45–60 കോടിയാണു ദിവസ വരുമാനം.

1000 രൂപയിൽ കൂടുതലുള്ള വൈദ്യുതി ബില്ലുകൾ ഓൺലൈൻ ആയി അടയ്ക്കണമെന്ന വ്യവസ്ഥ തൽക്കാലം കർശനമായി നടപ്പാക്കേണ്ടെന്നാണു ബോർഡിന്റെ തീരുമാനം. തൽക്കാലം ഉയർന്ന ബില്ലുകളും സെക്ഷൻ ഓഫിസുകളിൽ സ്വീകരിക്കും. കേന്ദ്ര വൈദ്യുതി ചട്ടങ്ങൾ അനുസരിച്ചാണ് ഉയർന്ന തുകയുടെ ബില്ലുകൾ ഓൺലൈനായി ഈടാക്കാൻ തീരുമാനിച്ചത്.

എന്നാൽ ഓൺലൈനായി അടയ്ക്കാൻ അറിയാത്ത മുതിർന്ന പൗരന്മാർക്കും മറ്റും ഇതു ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതിയുണ്ട്. രാജ്യത്തോ വിദേശത്തോ ഉള്ള ആർക്കും ഓൺലൈനായി വൈദ്യുതി ബിൽ അടയ്ക്കാം. ഈ സാഹചര്യത്തിൽ ഇങ്ങനെയുള്ള മുതിർന്ന പൗരന്മാർ ഭാവിയിൽ മക്കളുടെയോ മറ്റാരുടെയെങ്കിലുമോ സഹായത്തോടെ തുക ഓൺലൈനായി അടയ്ക്കണമെന്നാണ് ബോർഡ് നിർദേശിക്കുന്നത്.

Related posts

ക്രഷർ ക്വാറി സമരം പിൻവലിച്ചു

ഇന്നു രാത്രി മുതൽ കടുത്ത നിയന്ത്രണം; ലംഘിച്ചാൽ കേസ്: കള്ളുഷാപ്പ് തുറക്കാം

Aswathi Kottiyoor

സംസ്ഥാനത്ത് വീണ്ടും സ്‌കൂള്‍ അടച്ചിടും; തീരുമാനം കോവിഡ് അവലോകന യോഗത്തില്‍

Aswathi Kottiyoor
WordPress Image Lightbox