മട്ടന്നൂര്‍: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതോടെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനുള്ള സ്ഥലമെടുപ്പില്‍ നടപടി പ്രതീക്ഷിച്ച് ഭൂവുടമകള്‍. 200 കോടി രൂപയാണ് നഷ്ടപരിഹാരം നല്‍കാനായി വേണ്ടിവരിക. സ്ഥലം വിട്ടുനല്‍കാന്‍ സമ്മതപത്രം നല്കി വര്‍ഷങ്ങളായി കാത്തിരിക്കുന്ന നിരവധി ഭൂവുടമകള്‍ സ്ഥലം ക്രയവിക്രയം നടത്താനോ നിര്‍മാണം നടത്താനോ കഴിയാതെ ദുരിതത്തിലാണ്. കടക്കെണിയില്‍പ്പെട്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇക്കൂട്ടരില്‍ പലരും.
തെരഞ്ഞെടുപ്പിനു മുമ്പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ കിന്‍ഫ്രയോട് ബാങ്ക് വായ്പയെടുത്ത് നഷ്ടപരിഹാരത്തിനുള്ള തുക കണ്ടെത്താൻ നിര്‍ദേശം നല്‍കിയിരുന്നു. സ്ഥലമെടുപ്പിന്റെ ആദ്യഘട്ടങ്ങളിലും ഈ രീതിയില്‍ത്തന്നെയാണ് നഷ്ടപരിഹാരം അനുവദിച്ചിരുന്നത്.
കീഴല്ലൂര്‍ പഞ്ചായത്തില്‍പ്പെട്ട കൊതേരി, എളമ്പാറ ദേശങ്ങളിലെ 49 ഏക്കറോളം സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്. കൊതേരി ഭാഗത്ത് 92 കുടുംബങ്ങള്‍ക്കാണ് ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം ലഭിക്കാനുള്ളത്. സ്ഥലം ഏറ്റെടുക്കാനുള്ള ആദ്യ വിജ്ഞാപനം റദ്ദായതിനെത്തുടര്‍ന്ന് 2017ല്‍ പുറപ്പെടുവിച്ച പുനര്വിജ്ഞാപനത്തിന്റെ കാലാവധിയും ഫെബ്രുവരി 28ന് അവസാനിച്ചിരുന്നു. ഇത് നീട്ടിനല്കാന് അപേക്ഷ നല്‍കുമെന്ന് വിമാനത്താവള സ്ഥലമെടുപ്പ് തഹസില്‍ദാര്‍ ഓഫീസ് അധികൃതര്‍ അറിയിച്ചിരുന്നു.
കല്ലേരിക്കര പാറാപ്പൊയിലില്‍ വിമാനത്താവള അപ്രോച്ച് റോഡിനായി വീടും സ്ഥലവും വിട്ടുനല്‍കിയ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം ലഭിക്കാനുണ്ട്. കാനാട്, കോളിപ്പാലം മേഖലകളില്‍ റണ്‍വേ വികസനത്തിനുള്ള ഭൂമിയും ഒപ്പം നാശനഷ്ടം സംഭവിച്ചവരുടെ വീടും സ്ഥലവും കൂടി ഏറ്റെടുക്കണം. റണ്‍വേ വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനു വേണ്ട സ്ഥലം ഏറ്റെടുക്കുന്ന നടപടിയും പൂര്‍ത്തിയായിട്ടില്ല.
കഴിഞ്ഞ ഡിസംബറില്‍ത്തന്നെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം നല്‍കിയെങ്കിലും ഒന്നും നടപ്പായില്ല. അനുബന്ധ വികസനത്തിനും റണ്‍വേ വികസനത്തിനും വേണ്ട സ്ഥലം ഏറ്റെടുത്ത് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ പുതിയ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
previous post