കൂത്തുപറമ്പ്: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അഞ്ചിടത്ത് ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും പ്ലാന്റ് സ്ഥാപിക്കുന്നത്. നിയുക്ത എംഎല്‍എ കെ.പി. മോഹനന്റെ നേതൃത്വത്തില്‍ കൂത്തുപറമ്പ് നഗരസഭാ ഓഫീസില്‍ ഏതാനും ദിവസം മുമ്പ് നടന്ന അവലോകന യോഗത്തില്‍ പ്രഥമ പരിഗണന നല്‍കിയത് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കണമെന്നതിനായിരുന്നു.
അന്ന് തന്നെ കെ.പി. മോഹനന് ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോൾ ഇതുസംബന്ധിച്ച നിവേദനവും കൈമാറിയിരുന്നു.
അന്തരീക്ഷത്തില്‍ നിന്ന് ശേഖരിച്ച് സംസ്കരിച്ച ശേഷം ശുദ്ധമായ ഓക്സിജനാണ് പ്ലാന്റില്‍ നിന്ന് വിതരണം ചെയ്യുക. 75 ലക്ഷം രൂപ ചെലവഴിച്ച് അമ്പതിനായിരം എല്‍പിഎം സംഭരണ ശേഷിയുള്ള പ്ലാന്റാണ് കൂത്തുപറമ്പില്‍ സ്ഥാപിക്കുക.
രണ്ടു മാസത്തിനകം പ്ലാന്റ് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു മിനുട്ടില്‍ 200 ലിറ്റര്‍ സംഭരണ ശേഷിയുള്ള ഓക്സിജന്‍ പ്ലാന്റാണ് നിര്‍മിക്കുക. 200 ബെഡുകളില്‍ ഓക്സിജന്‍ നേരിട്ട് എത്തിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. കേരള മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് ലിമിറ്റഡിനാണ് നിര്‍മാണ ചുമതല.