കണ്ണൂര്‍: കോവിഡ് മഹാമാരിയുടെയും അതേത്തുടര്‍ന്നുള്ള ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് സഹായവുമായി ജില്ലാ പഞ്ചായത്തിന്റെ ജെന്‍ഡര്‍ ഹെല്പ് ഡെസ്ക്. സുശീലാ ഗോപാലന് ലീഗല്‍ സെല്ലുമായി സഹകരിച്ച് ആരംഭിച്ച ഹെല്പ് ഡെസ്കിന്റെ ഉദ്ഘാടനം മുന്‍ എംപി പി.കെ. ശ്രീമതി നിര്‍വഹിച്ചു. കോവിഡുമായി ബന്ധപ്പെട്ട് വീട്ടിനകത്തും പുറത്തും ആശുപത്രിയിലും മറ്റുമുള്ള ഏത് ആവശ്യങ്ങള്‍ക്കും ഹെല്‍പ്പ് ഡെസ്കിലേക്ക് വിളിക്കാമെന്നും ജില്ലയുടെ ഏത് ഭാഗത്തായാലും ലീഗല്‍ സെല്ലിന്റെ വനിതാ വോളണ്ടിയര്‍മാര്‍ സഹായവുമായി എത്തുമെന്നും അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു.
സുശീലാ ഗോപാലന് ലീഗല്‍ സെല്ലിന്റെ 200 ലേറെ വോളണ്ടിയര്‍മാരുടെ സേവനം ഹെല്‍പ്പ് ഡെസ്ക്കിനായി ലഭ്യമായിട്ടുണ്ട്. നിയുക്ത എംഎല്‍എ രാമചന്ദ്രന് കടന്നപ്പള്ളി , സുശീലാ ഗോപാലന് ലീഗല്‍ സെല്‍ ചെയര്‍പേഴ്സണ്‍ പി.കെ. ശ്യാമള, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.കെ. സുരേഷ് ബാബു, ടി.സരള, കെ.കെ. രത്നകുമാരി, യു.പി. ശോഭ, അംഗങ്ങളായ എന്‍.പി. ശ്രീധരന്, സി.പി. ഷിജു, സെക്രട്ടറി വി.ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ ഹെല്പ് ഡെസ്ക്കുമായി 9400064876, 9400064877, 9400064878 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.