കണ്ണൂർ: ജില്ലയില്‍ ഇന്ന് സര്‍ക്കാര്‍ മേഖലയില്‍ 62 ആരോഗ്യകേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന് നല്‍കും. കൂടാതെ കണ്ണൂര്‍ ജൂബിലി മിഷന് ഹാള്‍, കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയം പവലിയന്, പയ്യന്നൂര്‍ ബോയ്സ് സ്കൂള്‍ എന്നിവ കോവിഡ് മെഗാ വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.
മെഗാ വാക്സിനേഷന് ക്യാമ്പുകളില്‍ 500-1000 പേര്‍ക്കുള്ള വാക്സിനേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ 45 വയസിന് മുകളിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ എന്നിവര്‍ക്കാണ് വാക്സിന് നല്‍കുന്നത്. മുന്ഗണനാവിഭാഗങ്ങളിലുള്ള എല്ലാവര്ക്കും വാക്സിന് വിതരണം അതിവേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതല്‍ സ്ഥലങ്ങളില്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ കൂടാതെ 21 സ്വകാര്യ ആശുപത്രികളും വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. സര്‍ക്കാര്‍കേന്ദ്രങ്ങളില്‍ ഈ വാക്സിന് സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം. സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ കൂടാതെ കോവിന്‍ (https://www.cowin.gov.in) എന്ന വെബ്സൈറ്റോ ആരോഗ്യസേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തും വാക്സിന് സ്വീകരിക്കാം.
ഇന്ന് വാക്സിന് നല്കുന്ന ജില്ലയിലെ സ്വകാര്യ
ആശുപത്രികള്‍
പയ്യന്നൂര്‍ അനാമയ ഹോസ്പിറ്റല്‍, പയ്യന്നൂർ സബാ ഹോസ്പിറ്റല്‍, പയ്യന്നൂര്‍ സഹകരണ ആശുപത്രി, പയ്യന്നൂര്‍ ഐ ഫൌണ്ടേഷന്, പഴയങ്ങാടി ഡോ. ബീബിസ് ഹോസ്പിറ്റല്‍, പാപ്പിനിശേരി എംഎം ഹോസ്പിറ്റല്‍, കണ്ണൂര്‍ ശ്രീചന്ദ് ഹോസ്പിറ്റല്‍, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്, കണ്ണൂര്‍ ജിം കെയര്‍ ഹോസ്പിറ്റല്‍, കണ്ണൂര്‍ ധനലക്ഷ്മി ഹോസ്പിറ്റല്‍, കണ്ണൂര്‍ മാധവറാവു സിന്ധ്യ ഹോസ്പിറ്റല്‍, കണ്ണൂര്‍ മെഡിക്കല്‍ കോളജ്, അഞ്ചരക്കണ്ടി, ഇരിട്ടി അമല ഹോസ്പിറ്റല്‍, ഇരിട്ടി സ്കൈ സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍, ശ്രീകണ്ഠപുരം രാജീവ് ഗാന്ധി സഹകരണ ആശുപത്രി, തളിപ്പറമ്പ് ലൂര്‍ദ്ദ് ഹോസ്പിറ്റല്‍, തലശേരി സഹകരണ ആശുപത്രി, തലശേരി ടെലി മെഡിക്കല്സെന്റര്, തലശേരി മിഷന് ഹോസ്പിറ്റല്‍, തലശേരി ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, പേരാവൂര്‍ അര്‍ച്ചന ഹോസ്പിറ്റല്‍.
വാക്സിനേഷന് കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡോ അംഗീകൃത ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ കരുതണം. 45 നും 59 നും ഇടയിലുള്ളവര്‍ ഒരു രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ ഒപ്പിട്ട കോമോര്ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് വാക്സിനേഷന് കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.
കോവാക്സിന് സെക്കൻഡ് ഡോസ്
കണ്ണൂർ: കോവിഡ് വാക്സിന് ആദ്യ ഡോസായി കോവാക്സിന് എടുത്തവര്‍ക്ക് രണ്ടാമത്തെ ഡോസ് എടുക്കുന്നതിനായി ഇന്ന് ഇരിവേരി സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. കോവാക്സിന് രണ്ടാമത്തെ ഡോസ് കിട്ടാന്‍ ബാക്കിയുള്ളവര്‍ ഈ ക്യാമ്പുകളില്‍നിന്ന് വാക്സിന് സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ക്യാമ്പ് രാവിലെ ഒന്‍പതിന് ആരംഭിക്കും.
സൗജന്യ ആര്‍ടിപിസിആര്‍
പരിശോധന
കണ്ണൂർ: ഇന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മൊബൈല്‍ ലാബ് സൗകര്യമുപയോഗിച്ച് സൗജന്യ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ശ്രീകണ്ഠപുരം കോട്ടൂര്‍ സബ് സെന്റർ, പയ്യന്നൂര്‍ ബിഇഎം എല്‍പി സ്കൂള്‍, പിണറായി ആര്‍സി അമല ബേസിക് സ്കൂള്‍, വലിയപാറ ഗവ. എല്‍പി സ്കൂള്‍, കീഴ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് സൗജന്യ പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.