കണ്ണൂർ : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ഒരിക്കൽക്കൂടി അതീവ ജാഗ്രതയിലേക്ക് നീങ്ങണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.നാരായണ നായ്ക് അറിയിച്ചു. ഉദ്യോഗസ്ഥരുടെയും പൊതുജങ്ങളുടെയും സഹകരണത്തോടെ ഒന്നാംഘട്ട രോഗവ്യാപനവും മരണവും പിടിച്ചുനിർത്താൻ കഴിഞ്ഞെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പും അനുബന്ധ പ്രവർത്തങ്ങളും രോഗവ്യാപന സാധ്യത വർധിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ ശരിയായ രീതിയിൽ (വായും മൂക്കും മൂടുന്ന വിധത്തിൽ ) മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കൈകൾ ഇടയ്ക്കിടെ ശുചീകരിക്കാനും ശ്രദ്ധിക്കണമെന്ന് നിർദേശത്തിൽ പറയുന്നു. മറ്റു നിർദേശങ്ങൾ:
മാസ്ക് മുഖത്തുനിന്ന് താഴ്ത്തി ആരെയും അഭിമുഖീകരിക്കുകയോ സംസാരിക്കുകയോ ചെയ്യരുത് . പനി , ചുമ, ജലദോഷം, തൊണ്ടവേദന, മണം- രുചി അറിയാത്ത അവസ്ഥ, ശരീരവേദന എന്നിവയുള്ളവർ പ്രചാരണ പ്രവർത്തങ്ങളിൽ പങ്കെടുക്കരുത്. ജാഥകളും , പൊതുയോഗങ്ങളും, കർശനമായി കോവിഡ് പ്രോട്ടോകോൾ പാലിച്ചു മാത്രമേ നടത്താവൂ. പൊതുയോഗങ്ങളും കുടുംബയോഗങ്ങളും അടച്ചിട്ട മുറികളിൽ നടത്താതെ തുറസായ സ്ഥലങ്ങളിൽ വച്ച് നടത്തണം. ക്വാറന്റീനിലുള്ള വീടുകളിലും, കോവിഡ് രോഗികൾ, ഗർഭിണികൾ, വയോധികർ, ഗുരുതരരോഗ ബാധിതർ എന്നിവരുടെ വീടുകളിലും പ്രചാരണം നടത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് പരിശോധന സംവിധാനങ്ങളും വാക്സിനേഷൻ സൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തണം.