ലോക്ഡൗൺ കാലയളവിൽ സ്കൂട്ടിയിൽ ചാരായം കടത്തിയ കേസിൽ ഒളിവിൽ പോയ പ്രതിയെ പേരാവൂർ എക്സൈസ് സംഘം അറസ്റ്റു ചെയ്തു.
പേരാവൂർ കുനിത്തല സ്വദേശി നന്ത്യത്ത് വീട്ടിൽ ശങ്കരൻ എന്ന വിജേഷ് കെ ആണ് പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തും സംഘവും നടത്തിയ അന്വേഷണത്തിൽ പിടിയിലായത്.
2020 ഓഗസ്റ്റ് മാസം 17 ന് കുനിത്തല വായന്നൂർ റോഡരികിൽ വച്ച് കെഎൽ 78 – 2402 യമഹ ഫാസിനോ സ്കൂട്ടിയിൽ അഞ്ച് ലിറ്റർ ചാരായം കടത്തുന്നതിനിടെ പേരാവൂർ റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ പി.സി.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയ കേസിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. എക്സൈസ് സംഘത്തെ കണ്ട് ചാരായവും സ്കൂട്ടിയും ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട ഇയാൾ മാസങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി എക്സൈസ് ഇൻസ്പെക്റും സംഘവും ഇയാളെ വേക്കളം നാല്പാടിയിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എം.പി.സജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സിഎം ജയിംസ്, സിപി ഷാജി, കെഎ ഉണ്ണിക്കൃഷ്ണൻ, എൻസി വിഷ്ണു, എഎൻ ബിനീഷ് എന്നിവർ പങ്കെടുത്തു.