കണ്ണൂർ:സ്ഥാനാർഥികളുടെ ചി ത്രം തെളിഞ്ഞതോടെ പ്രചാ രണത്തിനായി എല്ലാ മുന്ന ണി കളും അതത് മണ്ഡലങ്ങളിൽ സ ജീവമായി.
എൽഡിഎഫ്
എൽഡിഎഫ് സ്ഥാനാർഥികളുടെ പത്രികാസമർപ്പണം നാളെയോടെ അവസാനിക്കും. ഇന്നുമുതൽ രണ്ടാംഘട്ട പ്രചാരണവും നടക്കും. സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പ് നേതാക്കൾ വിട്ടുനിൽക്കുന്നത് യുഡിഎഫിന്റെ പ്രചാരണത്തെ ബാധിച്ചിട്ടുണ്ട്. എൻഡിഎയും പ്രചാരണരംഗത്ത് സജീവമായി.
സ്ഥാനാർഥിനിർണയം വേഗത്തിൽ പൂർത്തിയാക്കിയ എൽഡിഎഫ് ഇന്ന് പത്രികാസമർപ്പണവും പൂർത്തിയാക്കി രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് ഇന്നലെ പത്രിക സമർപ്പിച്ചത്. എൽഡിഎഫ് സ്ഥാനാർഥികളായ മന്ത്രി കെ.കെ.ശൈലജ (മട്ടന്നൂർ), എം.വി. ഗോവിന്ദൻ (തളിപ്പറമ്പ്), കെ.വി. സുമേഷ് (അഴീക്കോട്), എം.വിജിൻ (കല്യാശേരി), കെ.വി.സക്കീർ ഹുസൈൻ (പേരാവൂർ) എന്നിവർ ഇന്ന് കണ്ണൂരിൽ പത്രിക സമർപ്പിക്കും.
തലശേരിയിലെ സ്ഥാനാർഥി എ.എൻ. ഷംസീർ തലശേരിയിലും പയ്യന്നൂരിലെ സ്ഥാനാർഥി ടി.ഐ.മധുസൂദനൻ പയ്യന്നൂരിലും ഇരിക്കൂറിലെ സ്ഥാനാർഥി സജി കുറ്റ്യാനിമറ്റം ശ്രീകണ്ഠപുരത്തുമാണ് പത്രിക സമർപ്പിക്കുന്നത്. കെ.പി. മോഹനൻ നാളെയാണ് പത്രിക സമർപ്പിക്കുന്നത്. ഒന്നാംഘട്ടത്തിൽ കൺവൻഷനുകൾ പൂർത്തിയാക്കി പര്യടനത്തിലേക്കാണ് എൽഡിഎഫ് കടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നുംകൂടെയാണ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ളത്.
യുഡിഎഫ്
സ്ഥാനാർഥി പ്രഖ്യാപനത്തിലെ അനിശ്ചിതത്വം നീങ്ങിയതോടെ യുഡിഎഫ് സ്ഥാനാർഥികൾ പ്രചാരണം തുടങ്ങി. കോൺഗ്രസിന് ഒരുപടി മുന്പേ ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് അഴീക്കോട്ടും കൂത്തുപറന്പിലും പ്രചാരണം തുടങ്ങിയിരുന്നു. ഞായറാഴ്ചയാണ് കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രഖ്യാപനം നടന്നത്.
സ്ഥാനാർഥി പ്രഖ്യാപനത്തിലെ പ്രശ്നങ്ങൾ യുഡിഎഫിന്റെ പ്രചാരണത്തെയും ബാധിച്ചിരിക്കുകയാണ്. പ്രചാരണത്തിന് ചുക്കാൻ പിടിക്കേണ്ട യുഡിഎഫ് ചെയർമാൻ രാജിവച്ചിരിക്കുകയാണ്.
എ ഗ്രൂപ്പിന്റെ കൈവശമുണ്ടായിരുന്ന ഇരിക്കൂർ സീറ്റ് ഐ ഗ്രൂപ്പിന് നൽകിയതിനെതിരേ എ ഗ്രൂപ്പിൽ പ്രതിഷേധം ശക്തമാണ്. ഇരിക്കൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സജീവ് ജോസഫിന്റെ പ്രചാരണത്തിൽനിന്ന് എ വിഭാഗം നേതാക്കൾ വിട്ടുനിൽക്കുകയാണ്.
പ്രശ്നപരിഹാരത്തിനായി ഉന്നത നേതൃത്വം ഇടപെടുന്നുണ്ടെങ്കിലും ജയസാധ്യതയുള്ള കണ്ണൂർ, ഇരിക്കൂർ, പേരാവൂർ സീറ്റുകളിലൊന്ന് വേണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. നിലവിൽ ജയസാധ്യതയില്ലാത്ത കല്യാശേരി, പയ്യന്നൂർ എന്നീ സീറ്റുകളാണ് എ ഗ്രൂപ്പിന് നൽകിയിരിക്കുന്നത്.
കോൺഗ്രസിലെ പ്രശ്നങ്ങൾ ലീഗിന്റെ പ്രചാരണത്തെയും ബാധിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്നാണ് ലീഗിന്റെ ആവശ്യം.
എൻഡിഎ
മണ്ഡലം കൺവൻഷനുകൾ വിളിച്ചുകൂട്ടി എൻഡിഎയും പ്രചാരണരംഗത്ത് സജീവമായി. ഞായറാഴ്ചയാണ് ജില്ലയിലെ എൻഡിഎ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. വോട്ടർമാരെ നേരിൽക്കണ്ടാണ് സ്ഥാനാർഥികൾ പ്രചാരണം തുടങ്ങിയിരിക്കുന്നത്.
മറ്റുള്ളവർ
എസ്ഡിപിയും വെൽഫെയർപാർട്ടിയും ഒഐഒപിയും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. തലശേരിയിലും കല്യാശേരിയിലുമാണ് വെൽഫെയർ പാർട്ടി മത്സരിക്കുന്നത്. അഞ്ചിടങ്ങളിലാണ് എസ്ഡിപിഐ മത്സരിക്കുന്നത്. കണ്ണൂർ, അഴീക്കോട്, ധർമടം, പേരാവൂർ, മട്ടന്നൂർ എന്നിവിടങ്ങളിലാണ് എസ്ഡിപിഐ മത്സരിക്കുന്നത്. വൺ ഇന്ത്യ വൺ പെൻഷൻ സംഘടന ഇരിക്കൂറിലും തളിപ്പറന്പിലും മത്സരിക്കും.