പേരാവൂർ: കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ആലച്ചേരി സ്വദേശി ഗോഡ്ഫ്രയ്ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. സ്വകാര്യ ബസിൽ കണ്ടക്ടറായ ഗോഡ്ഫ്ര ജോലിക്കായി പോകുന്നതിനിടെ കോളയാട് കള്ളുഷാപ്പിനു സമീപത്ത് വച്ചാണ് ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ കാട്ടുപന്നി ഇടിച്ചത്. തുടർന്ന് കൂത്തുപറമ്പ് ആശുപത്രിയിൽ ചികിത്സതേടിയ ഇദ്ദേഹം തിരികെ വീട്ടിലെത്തുകയായിരുന്നു. പിന്നീട് അസഹ്യമായ വേദനയെ തുടർന്നാണ് വീണ്ടും പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ആറ് വാരിയെല്ലുകൾക്കും ഷോൾഡറിനും പൊട്ടലുള്ളതായി കണ്ടത്തിയത്. നാലുമാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. കാട്ടുപന്നിശല്യം കാരണം ഈ മേഖലയിൽ ബൈക്ക് യാത്ര സാധ്യമല്ലാത്ത അവസ്ഥയിലായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച വാരപ്പീടികയിൽ മറ്റൊരു ബൈക്ക് യാത്രക്കാരനും കാട്ടുപന്നിയിടിച്ച് പരിക്കേറ്റിരുന്നു.