ഇരിട്ടി: ആറളം ഫാമിലെ കൃഷിയിടത്തില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തി. 12 ആനകളെ രണ്ടാം ബ്ലോക്കിൽ നിന്ന് കോട്ടപ്പാറ വഴി വനത്തിലേക്ക് തുരത്തിയതായി അധികൃതർ അറിയിച്ചു.
ആറളം, കൊട്ടിയൂര്‍, കണ്ണവം റേഞ്ചുകളിലെ 30 വനപാലകരും ആറളം ഫാമിലെ 10 തൊഴിലാളികളും സംയുക്തമായാണ് കാട്ടാനക്കൂട്ടത്തെ തുരത്തിയത്. ഫാമിലെ കൃഷിയിടത്തില്‍ പതിനഞ്ചിലധികം ആനകളുണ്ടെന്നാണ് കണ്ടെത്തിയത്. ഇതില്‍ രണ്ട് കുട്ടിയാനകൾ ഉള്‍പ്പെടുന്ന സംഘവുമുണ്ട്.
കുട്ടിയാന ഉള്ളതിനാല്‍ ആനക്കൂട്ടം അക്രമകാരികളാകാനുള്ള സാധ്യത കണക്കിലെടുത്ത് മേഖലയില്‍ കനത്ത സുരക്ഷാസംവിധാനം ഒരുക്കിയിരുന്നു. ഫാമിനകത്തുകൂടി പോകുന്ന കക്കുവ- പാലപ്പുഴ റോഡ്, പുനരധിവാസ മേഖലയിലേക്കുള്ള മുഴുവന്‍ റോഡുകളും അടച്ചിട്ടായിരുന്നു തുരത്തൽ യജ്ഞം. ആറളം വൈൽഡ് ലൈഫ് വാർഡൻ എ.ഷജ്നയുടെ മേൽനോട്ടത്തിൽ, കൊട്ടിയൂര്‍ റേഞ്ച് ഓഫീസര്‍ സുധീര്‍, ആറളം റേഞ്ചർ അനില്‍കുമാര്‍, ഡെപ്യൂട്ടി റേഞ്ചർ ജയേഷ് ജോസഫ്, ആര്.ആര്.ടി.ഹരിദാസ്, ഫോറസ്റ്റര്‍മാരായ മഹേഷ്, വിനു കായലോടന്‍, സുരേന്ദ്രന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആനകളെ തുരത്തിയത്.