മുഴപ്പിലങ്ങാട്: ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഡ്രൈവിങ് ബീച്ചായ മുഴപ്പിലങ്ങാട് പൊലീസ് സുരക്ഷ ശക്തമാക്കണമെന്ന ആവശ്യം വർധിക്കുന്നു. നാലര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ബീച്ചിൽ ആയിരങ്ങളാണ് സന്ദർശകരായി എത്തുന്നത്. സന്ദർശകരുടെ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കാനാണ് പൊലീസ് പട്രോളിങ് വേണമെന്ന ആവശ്യം ഉയരുന്നത്. ബീച്ചിൽ സുരക്ഷക്കായി അഞ്ച് ലൈഫ് ഗാർഡുമാർ മാത്രമാണുള്ളത്. കണ്ണൂർ സിറ്റി സ്റ്റേഷനിൽനിന്ന് ഒരു പൊലീസുകാരനെ ബീച്ചിൽ ഡ്യൂട്ടിക്ക് നിയോഗിക്കാറുണ്ട്.
എന്നാൽ, ദിവസേന രണ്ടായിരത്തിലധികവും ഒഴിവുദിവസങ്ങളിൽ 5000ത്തിന് മുകളിലും സന്ദർശകരെത്തുന്ന ബീച്ചിൽ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പേരുടെ സേവനം ആവശ്യമാണ്. ബീച്ചിൽ വാഹനങ്ങളുടെ അഭ്യാസപ്രകടനം നിരോധിച്ചിട്ടുണ്ടെങ്കിലും പലരും പാലിക്കാറില്ല. അഭ്യാസപ്രകടനങ്ങൾ തടയാനും ചോദ്യംചെയ്യാനും ശ്രമിക്കുന്നതിനിടെ ലൈഫ് ഗാർഡുമാരോട് സന്ദർശകർ തർക്കിക്കുന്നതും ൈകയേറ്റം ചെയ്യാൻ ശ്രമിക്കുന്നതും പതിവാണ്.
മദ്യലഹരിയിലെത്തുന്നവരാണ് പലപ്പോഴും ഇത്തരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. കഴിഞ്ഞദിവസം വാഹനാഭ്യാസം ചോദ്യംചെയ്ത ലൈഫ്ഗാർഡിനെ കൈയേറ്റം ചെയ്യാനുള്ള കാർയാത്രക്കാരുടെ ശ്രമം നാട്ടുകാർ ഇടപെട്ടാണ് തടഞ്ഞത്. അപകടകരമായ ഡ്രൈവിങ് ചോദ്യംചെയ്തതിെൻറ പേരിൽ നേരേത്ത ലൈഫ് ഗാർഡുമാർക്ക് മർദനമുൾപ്പെടെ നേരിടേണ്ടിവന്നിട്ടുണ്ട്. നേരേത്ത ബീച്ചിൽ തിരക്കുണ്ടാകുേമ്പാൾ എടക്കാട് പൊലീസ് പട്രോളിങ്ങിനായി എത്താറുണ്ടായിരുന്നു. ഇത് സ്ഥിരമാക്കണമെന്നാണ് ബീച്ചിലെത്തുന്നവരുടെ ആവശ്യം.
കുടുംബവുമായി എത്തുന്നവരോട് സാമൂഹിക വിരുദ്ധർ മോശമായി പെരുമാറുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പൊലീസ് വാഹനവും ഉദ്യോഗസ്ഥരുടെ സാന്നിധ്യവുമുണ്ടാകുേമ്പാൾ അതിക്രമം നടക്കുന്നയിടത്തേക്ക് വേഗമെത്താനും സുരക്ഷ ഉറപ്പാക്കാനുമാകും. വാഹനാഭ്യാസ പ്രകടനത്തിനിടെ അപകടമരണം അടക്കം സംഭവിച്ചതിനെ തുടർന്നാണ് ബീച്ചിലെ ഇത്തരത്തിലുള്ള ഡ്രൈവിങ്ങിന് വിലക്കേർപ്പെടുത്തിയത്.