കണ്ണൂർ: ജില്ലയില്‍ 9,48,583 പുരുഷന്മാരും 10,65,248 സ്ത്രീകളും 15 ഭിന്നലിംഗക്കാരും ഉള്‍പ്പെടെ 20,13,846 വോട്ടര്‍മാർ. 11 നിയോജകമണ്ഡലങ്ങളിലായി 1858 പോളിംഗ് സ്റ്റേഷനും 1279 ഓക്സിലറി സ്റ്റേഷനുമാണ് ജില്ലയിലുള്ളത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആറ് സ്ഥലങ്ങളിലായി ഏഴ് കേന്ദ്രങ്ങളിലാണ് ഇത്തവണ വോട്ടെണ്ണല്‍ നടക്കുക.
വോട്ടെണ്ണൽ കേന്ദ്രങ്ങൾ, മണ്ഡലങ്ങൾ ബ്രാക്കറ്റിൽ എന്നീ ക്രമത്തിൽ. സര് സയ്യിദ് ഹയര്‍ സെക്കൻഡറി സ്കൂള്‍ (പയ്യന്നൂര്‍, തളിപ്പറമ്പ്), ചിന്മയ വിദ്യാലയം (കല്യാശേരി, അഴീക്കോട്, കണ്ണൂര്‍), ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസ് (ധര്‍മടം), തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ (ഇരിക്കൂര്‍) , ബ്രണ്ണന്‍ കോളജ് (തലശേരി), ഇരിട്ടി എംജി കോളജ് (പേരാവൂര്‍, മട്ടന്നൂര്‍), നിര്‍മലഗിരി കോളജ് (കൂത്തുപറമ്പ്). നാല് മുറികളിലായി ഏഴ് വീതം എന്ന നിലയില്‍ 28 ടേബിളുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക.
കോവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഡ്യൂട്ടി ഒഴിവ് അനുവദിക്കില്ല.
ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് റിസര്‍വ് ഉള്‍പ്പെടെ 16316 പോളിഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. സുരക്ഷാ ചുമതലകള്‍ക്കായി 30,000 പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിക്കും.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും രണ്ട് ഡോസ് വാക്സിന് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും കളക്ടര്‍ അറിയിച്ചു. എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും ഭിന്നശേഷിക്കാരും മുതിര്‍ന്നവരുമായ വോട്ടര്‍മാരെ സഹായിക്കാന്‍ എന്‍എസ്എസ്, എന്‍സിസി വോളണ്ടിയര്‍മാരുടെയും സേവനം ഉറപ്പുവരുത്തും.
റിട്ടേണിംഗ് ഓഫീസര്‍മാരുടെ ഓഫീസിലും ജില്ലാതലത്തിലും പ്രത്യേകം ഹെല്‍പ്പ് ലൈന്‍ സംവിധാനവും ഒരുക്കും. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പൂര്‍ണമായും വനിതാ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന പോളിംഗ് ബൂത്തുകള്‍ ഒരു നിയോജക മണ്ഡലത്തില്‍ ഒന്ന് എന്ന തോതില്‍ ഒരുക്കും.
കോവിഡ് പെരുമാറ്റച്ചട്ടത്തിനൊപ്പം ഹരിത പെരുമാറ്റച്ചട്ടവും പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ക്കു പകരം പ്രകൃതി സൗഹൃദ സാമഗ്രികള്‍ ഉപയോഗിക്കും.