നാല് പ്രധാന പാതകളൊഴികെ കാസര്‍ഗോഡ് ജില്ലയുമായുള്ള എല്ലാ അതിര്‍ത്തികളും ഇന്നുമുതല്‍ വീണ്ടും അടച്ചിടാന്‍ ദക്ഷിണകന്നഡ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കര്‍ണാടകയില്‍ കോവിഡ് വ്യാപനനിരക്ക് താരതമ്യേന കുറഞ്ഞിരിക്കുകയും കേരളത്തില്‍ ഇപ്പോഴും വ്യാപനം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.
മംഗളൂരു ദേശീയപാതയിലെ തലപ്പാടി, സുള്ള്യപാതയിലെ ജാല്‍സൂര്‍, ബണ്ട്വാള്‍ റോഡിലെ സാറഡുക്ക, പുത്തൂര്‍ റോഡിലെ നെട്ടണിഗെ എന്നീ അതിര്‍ത്തികളിലൂടെ മാത്രമായിരിക്കും ഗതാഗതം അനുവദിക്കുകയെന്ന് മംഗളൂരു ഡപ്യൂട്ടി കമ്മീഷണര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
ഈ നാല് പോയിന്റുകളിലൂടെ കടന്നുപോകുന്നവര്‍ 72 മണിക്കൂര്‍ മുമ്പേ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതിയിരിക്കണം. ഈ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമേ കര്‍ണാടക അതിര്‍ത്തി കടത്തിവിടൂ. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് ബസ് കണ്ടക്ടര്‍മാര്‍ ടിക്കറ്റ് നല്‍കരുത്.
സ്വകാര്യ വാഹനങ്ങളിലുള്ളവരെ അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍നിന്ന് പരിശോധിക്കും. ദക്ഷിണകന്നഡ ജില്ലാ ഭരണകൂടത്തിനു കീഴില്‍ നാല് സ്ഥലങ്ങളിലും പരിശോധനാ ടെന്റുകള്‍ ഉയര്‍ന്നുകഴിഞ്ഞു.കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കേരളത്തില്‍നിന്ന് ദിവസവും പോയി വരുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് നേരത്തെ നിലനില്‍ക്കുന്നുണ്ട്. ട്രെയിനുകളിലും വിമാനങ്ങളിലും എത്തുന്നവര്‍ക്കും പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.