20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • പോലീസിൽ ഈ സർക്കാർ നടത്തിയത് 13,825 നിയമനങ്ങൾ: മുഖ്യമന്ത്രി
Kerala

പോലീസിൽ ഈ സർക്കാർ നടത്തിയത് 13,825 നിയമനങ്ങൾ: മുഖ്യമന്ത്രി

ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം പി. എസ്. സി വഴി പോലീസിൽ 13825 നിയമനങ്ങൾ നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ ഇതേ കാലയളവിൽ 4,791 നിയമനങ്ങളാണ് നടന്നിട്ടുള്ളത്.
ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റിന്റെ കാലാവധി ആഗസ്റ്റ് മൂന്നു വരെ നീട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏപ്രിൽ, മെയ് മാസങ്ങളിൽ റിട്ടയർമെന്റ്മൂലം വരുന്ന ഒഴിവുകളും ഇപ്പോഴത്തെ ലിസ്റ്റിലുള്ളവർക്ക് ലഭിക്കും.
സിപിഒ ലിസ്റ്റിന്റെ കാലാവധി കഴിയുന്നതിനുമുമ്പു തന്നെ 2021 ഡിസംബർ വരെയുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള നിയമനത്തിനായി രണ്ട് റാങ്ക്ലിസ്റ്റുകളാണ് ഈ സർക്കാരിന്റെ കാലയളവിൽ പി.എസ്.സി പ്രസിദ്ധീകരിച്ചത്. ആകെ 11,420 പേർക്കാണ് നിയമനം നൽകിയത്. ഇതിൽ വയനാട്, പാലക്കാട്, മലപ്പുറം മേഖലയിലെ ആദിവാസി വിഭാഗത്തിലെ യുവതീയുവാക്കൾക്കായി സൃഷ്ടിച്ച 200 തസ്തികകളുമുണ്ട്.
ഇതിനുപുറമെ സംസ്ഥാനത്ത് ആദ്യമായി വനിതാ ബറ്റാലിയന് രൂപം നൽകി. 400 കോൺസ്റ്റബിൾ തസ്തികകൾ ഇതിനായി മാത്രം സൃഷ്ടിച്ചു. ആകെ 1666 വനിതകൾക്ക് പോലീസിൽ നിയമനം ലഭിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്. ഇതുകൂടാതെ ഇന്ത്യ റിസർവ്വ് ബറ്റാലിയനിലേക്കുള്ള 739 നിയമനം ഉൾപ്പെടെ ആകെ 13,825 പേർക്കാണ് പൊലീസിൽ നിയമനം നൽകിയത്.
ഈ സർക്കാർ വന്ന ശേഷം പോലീസ് വകുപ്പിൽ 3971 സ്ഥിരം തസ്തികകളും 863 താൽക്കാലിക തസ്തികകളും പുതുതായി സൃഷ്ടിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.   എല്ലാവർക്കും അവസരം നൽകുന്നതിനും അർഹതപ്പെട്ട ഒഴിവുകൾ സമയബന്ധിതമായി നികത്തുന്നതിനും പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാരിന്റേത്. ഈ സർക്കാർ വന്ന ശേഷം 1,57,909 നിയമന ശുപാർശകളാണ് പി.എസ്.സി നൽകിയിട്ടുള്ളത്. നിലവിലുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക മാത്രമല്ല, 27,000 സ്ഥിരം തസ്തികകൾ ഉൾപ്പെടെ 44,000 പുതിയ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്തേക്കാൾ കൂടുതൽ നിയമനങ്ങളും നിയമന ശുപാർശകളും ഈ സർക്കാർ നടത്തി. ഈ സർക്കാരിന്റെ നാലു വർഷം ഏഴു മാസക്കാലയളവിൽ 4012 റാങ്ക് ലിസ്റ്റുകൾ പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ ഇതേ കാലയളവിൽ 3113 റാങ്ക് ലിസ്റ്റുകൾ മാത്രമാണ് പ്രസിദ്ധീകരിച്ചത്. എൽ.ഡി ക്ലാർക്ക് നിയമനത്തിൽ 2016-20 കാലയളവിൽ 19,120 പേർക്ക് നിയമനം നൽകിയിട്ടുണ്ട്. 2011-16 കാലയളവിൽ ഇത് 17,711 ആയിരുന്നു. കോവിഡ് അടക്കമുള്ള സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ടാണ് ഇത്തരം നിയമനങ്ങൾ നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അനന്തമായി റാങ്ക്ലിസ്റ്റുകൾ നീട്ടുന്നത് ആ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രം ജോലി ലഭിക്കുന്ന അവസ്ഥയാണ് ഉണ്ടാക്കുക. റാങ്ക് ലിസ്റ്റിൽ വന്നതിനേക്കാൾ എത്രയോ അധികം യുവാക്കളും യുവതികളും ലിസ്റ്റിന് പുറത്ത് പരീക്ഷയെഴുതാനുള്ള യോഗ്യതയോടെ ഉണ്ടാവും. പരീക്ഷകൾ സമയബന്ധിതമായി നടത്തുകയും ലിസ്റ്റുകൾ യഥാസമയം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് കൂടുതൽ പേർക്ക് തൊഴിൽ പരീക്ഷകളിൽ മത്സരിക്കുന്നതിന് അവസരമുണ്ടാക്കും. കൂടുതൽ കഴിവുള്ള ഉദ്യോഗാർത്ഥികളെ വകുപ്പുകൾക്ക് ലഭിക്കുന്നതിനും അത് സഹായകമാകും. ലിസ്റ്റുകൾ അനന്തമായി നീട്ടുന്നതും അതിന്റെ ഭാഗമായി അടുത്ത ലിസ്റ്റിന്റെ കാലയളവിൽ ലഭിക്കേണ്ട തൊഴിലവസരങ്ങൾ പോലും നൽകുന്നതും പുതിയ തലമുറക്ക് അവസരം നിഷേധിക്കുന്നതിന് തുല്യമാണ്. കേന്ദ്ര സർക്കാരിലും മറ്റും റാങ്ക്ലിസ്റ്റുകൾക്ക് കേരളത്തിലെ അത്രയും കാലാവധിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയ താൽക്കാലിക ജീവനക്കാരുടെ എണ്ണം 5910 ആണ്. അതിലൊന്നും വ്യക്തമായ മാനദണ്ഡമുണ്ടായിരുന്നില്ല. രണ്ടു വർഷമായവരെയടക്കം സ്ഥിരപ്പെടുത്തി. വ്യക്തമായ മാനദണ്ഡത്തോടെ യോഗ്യരായവരെ സ്ഥിരപ്പെടുത്താനാണ് ഈ സർക്കാർ തീരുമാനിച്ചത്. 10 വർഷത്തിലധികം സർവീസുള്ള പി.എസ്.സിക്ക് വിടാത്ത തസ്തികളിലേക്ക് മാത്രമാണ് സർക്കാർ സ്ഥിരപ്പെടുത്തിയത്.

Related posts

സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് 262.33 കോ​ടി

Aswathi Kottiyoor

മോ​ഹ​ന​ൻ വൈ​ദ്യ​രെ ബ​ന്ധു​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

Aswathi Kottiyoor

ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ-ഇൻ പരിപാടി ഏഴിന്

Aswathi Kottiyoor
WordPress Image Lightbox