23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • തണ്ണീര്‍ത്തട സംരക്ഷണത്തിന് പ്രാധാന്യം നല്‍കണം: ജില്ലാ ആസൂത്രണ സമിതി
kannur

തണ്ണീര്‍ത്തട സംരക്ഷണത്തിന് പ്രാധാന്യം നല്‍കണം: ജില്ലാ ആസൂത്രണ സമിതി

വരും വര്‍ഷത്തെ പദ്ധതികളില്‍ തണ്ണീര്‍ത്തട സംരക്ഷണത്തിന് മികച്ച പ്രാധാന്യം നല്‍കാനും കാട്ടാമ്പള്ളി പ്രദേശവുമായി ബന്ധപ്പെട്ടു വരുന്ന തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കാനും ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ നിര്‍ദ്ദേശം. അഡ്‌ഹോക് ഡിപിസി യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയാണ് ഈ നിര്‍ദ്ദേശം വെച്ചത്. കാട്ടാമ്പള്ളി തണ്ണീര്‍ത്തട പ്രദേശം ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളും കോര്‍പറേഷന്‍ ഡിവിഷനും പഠനം നടത്തി കയ്യേറ്റം നടന്ന സ്ഥലങ്ങള്‍ കണ്ടെത്തുകയും കൃഷി സാധ്യതകള്‍ പഠിക്കുകയും വേണമെന്നും നിര്‍ദ്ദേശവുമുണ്ട്.
2021-2022 വര്‍ഷത്തില്‍ ജില്ലയില്‍ കൃഷി, കുടിവെള്ളം, തണ്ണീര്‍ത്തടം, ക്ഷീരം, മത്സ്യം, പാര്‍പ്പിടം, തുടങ്ങി വിവിധ മേഖലകളില്‍ വിപുലമായ പദ്ധതികള്‍ നടപ്പാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ജില്ലയില്‍ ഏറ്റെടുത്തു നടത്തേണ്ട സംയുക്ത പദ്ധതികളെക്കുറിച്ചും ഊന്നല്‍ നല്‍കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
കുടിവെള്ള സംരക്ഷണം ലക്ഷ്യമിട്ട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ 200 വീടുകളിലെങ്കിലും നിര്‍ബന്ധമായും കിണര്‍ റീചാര്‍ജിങ് ചെയ്യണമെന്നും യോഗം നിര്‍ദേശിച്ചു. നഗരസഭകളില്‍ ആനുപാതികമായ എണ്ണം വീടുകളില്‍ ഈ പദ്ധതി നടപ്പാക്കണം. ജില്ലയില്‍ ഒരു വര്‍ഷം കൊണ്ട് 1000 സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ഒരു പഞ്ചായത്തില്‍ 15 സംരംഭങ്ങള്‍ തുടങ്ങാനും നിര്‍ദ്ദേശമുണ്ട്. സ്ത്രീകള്‍, പ്രവാസികള്‍, യുവാക്കള്‍ എന്നിവരുള്‍പ്പെടുന്ന സംരംഭങ്ങളാണ് ആരംഭിക്കേണ്ടത്. ഈ പദ്ധതി പ്രകാരം നഗരസഭകളില്‍ ഒരു വാര്‍ഡില്‍ ഒരു സംരംഭമെങ്കിലും തുടങ്ങണം. ടൂറിസം സാധ്യതകളെ മുന്‍നിര്‍ത്തി പഞ്ചായത്തുകളില്‍ നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാനും തദ്ദേശ സ്ഥാപന അധ്യക്ഷന്മാരോട് യോഗം അഭ്യര്‍ഥിച്ചു.
അറവ് മാലിന്യസംസ്‌കരണത്തിനായി ഗ്രാമപഞ്ചായത്തുകളില്‍ വേണ്ട സംവിധാനമുണ്ടെന്ന് തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍ ഉറപ്പുവരുത്തണം. തെരുവ് പട്ടികളുടെ ശല്യം രൂക്ഷമാകുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് അലക്ഷ്യമായി വലിച്ചെറിയുന്ന അറവ് മാലിന്യങ്ങളാണ്. മാലിന്യങ്ങള്‍ പുഴകളില്‍ തള്ളുന്നത് ഒഴിവാക്കാന്‍ ആവശ്യമുള്ളിടത്ത് സി സി ടി വികള്‍ സ്ഥാപിക്കാനുള്ള നടപടികളും സ്വീകരിക്കണം.
ശുചിത്വം, സൗന്ദര്യവല്‍ക്കരണം എന്ന ആശയം മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. കൊവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതികളെകുറിച്ച് ആലോചിക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു.
ഓരോ തദ്ദേശ സ്ഥാപനത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ക്ക് അഭികാമ്യമായ പദ്ധതികളെക്കുറിച്ചുള്ള തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും യോഗം ചര്‍ച്ച ചെയ്തു. കരനെല്‍കൃഷി, കുടിവെള്ള പദ്ധതികള്‍, ടൂറിസം, തുടങ്ങി വിവിധ മേഖലകളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സംയുക്ത പദ്ധതികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. സംയുക്ത പദ്ധതികള്‍ക്കുള്ള ഫണ്ടിന്റെ 50 ശതമാനം ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളും ബാക്കി തുക ജില്ലാപഞ്ചായത്തുമാണ് വഹിക്കുക.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന യോഗത്തില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ പ്രകാശന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു

Related posts

ഇക്കോ ടൂറിസത്തിനൊരുങ്ങി ഏലപ്പീടിക

Aswathi Kottiyoor

ഇ​ന്ധ​ന വി​ല​: 30ന് ​എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധം

Aswathi Kottiyoor

ഹോം ​ക്വാ​റ​ന്‍റൈ​ന്‍ ലംഘനം; ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ്

Aswathi Kottiyoor
WordPress Image Lightbox