കണ്ണൂർ: യോനോ ക്യാഷ് പ്രചാരണത്തിന് വളഞ്ഞ വഴിയുമായി എസ്.ബിഐ. ഇടപാടുകാരിൽ നിന്ന് വൺടൈം പാസ്‌വേഡ് (ഒ.ടി.പി) ചോദിച്ചറിഞ്ഞ് ബാങ്ക് ജീവനക്കാർ പണം പിൻവലിക്കുന്ന ക്യാമ്പയിനാണ് എസ്.ബി.ഐ ആവിഷ്‌കരിച്ചത്. ക്യാമ്പയിന്റെ ഫൈനൽ റൗണ്ടാണ് ബുധനാഴ്‌ച. ക്യാമ്പയിന് തെരഞ്ഞെടുത്ത രീതി വ്യാപക തട്ടിപ്പിന് വഴിവയ്‌ക്കുമെന്ന് ആശങ്കയുയർന്നിട്ടുണ്ട്.
എസ്.ബി.ഐയുടെ ഭുവനേശ്വർ – കേരള സർക്കിളുകൾ തമ്മിലുള്ള മത്സരമാണ് യോനോ ക്യാഷ് പ്രചാരണ ക്യാമ്പയിന്റെ ഫൈനലിൽ നടക്കുന്നത്. ഏറ്റവും കൂടുതൽ യോനോ ക്യാഷ് പിൻവലിക്കുന്ന സർക്കിളാകാനാണ് ഒ.ടി.പി നമ്പർ ഷെയർ ചെയ്‌തുള്ള ക്യാമ്പയിൻ കേരള സർക്കിൾ ആസൂത്രണം ചെയ്‌തത്. ഓരോ ഇടപാടുകാരെക്കൊണ്ടും രണ്ട് യോനോ ഇടപാടുകൾ നടത്തിക്കണമെന്നാണ് നിർദേശം. ഒരു ജീവനക്കാരൻ ചുരുങ്ങിയത് പത്തു സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ഈ ക്യാമ്പയിനുമായി സഹകരിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
എ.ടി.എം കാർഡില്ലാതെ പണം പിൻവലിക്കുന്നതിനുള്ള സംവിധാനമാണ് എസ്.ബി.ഐയുടെ യോനോ ക്യാഷ്. മൊബൈലിൽ സ്വയം ഒരു ഒ.ടി.പി ജനറേറ്റ് ചെയ്യുകയും ഒരു ഒ.ടി.പി യോനോ ആപ് ജനറേറ്റ് ചെയ്യുകയുമാണ് ചെയ്യുന്നത്. ഈ ഒ.ടി.പി ഉപയോഗിച്ചാണ് യോനോ ക്യാഷ് സംവിധാനമുള്ള എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിക്കാനാവുക. ഇരുപതിനായിരം രൂപ വരെയാണ് ഒരു ദിവസം യോനോ ക്യാഷ് വഴി പിൻവലിക്കാനാവുക.
നേരത്തെ വ്യാപക തട്ടിപ്പുകൾ പുറത്തുവന്നതിനെത്തുടർന്ന് രാത്രി 8 മുതൽ രാവിലെ വരെ എ.ടി.എം വഴിയുള്ള പണമിടപാടുകൾ എസ്.ബി.ഐ നിർത്തിവെച്ചിരുന്നു. ഇതിന് ശേഷമാണ് പതിനായിരം രൂപയ്ക്ക് മുകളിൽ പിൻവലിക്കുമ്പോൾ ഒ.ടി.പി നിർബന്ധമാക്കിയത്.
അക്കൗണ്ട് നമ്പറും എ.ടി.എം കാർഡ് നമ്പറും പിൻ നമ്പറും അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ ആരുമായും പങ്കിടരുതെന്ന് ഇടയ്‌ക്കിടെ ഓർമിപ്പിക്കാറുണ്ട് ബാങ്കുകൾ. അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കുന്നതടക്കമുള്ള തട്ടിപ്പുകൾ തടയുന്നതിനാണിത്. അടുത്തിടെ ഇത്തരം തട്ടിപ്പുകൾ കൂടിയതിനാൽ പരമാവധി സ്വന്തം ആപ്പുകൾ ഉപയോഗിക്കാനും ബാങ്കുകൾ നിർബന്ധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒ.ടി.പി നമ്പർ ബാങ്ക് ജീവനക്കാർ തന്നെ ചോദിച്ചുവാങ്ങി പണം പിൻവലിക്കുന്നത് ഇടപാടുകാരുടെ ജാഗ്രത കുറയ്‌ക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.