കണ്ണൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ 10ന് കണ്ണൂര്‍ കളക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ലേബര്‍ കാര്‍ഡ് ലഭിച്ച തൊഴിലാളികളെ വ്യാപാര സ്ഥാപനത്തില്‍ തടസമില്ലാതെ തൊഴില്‍ ചെയ്യാന്‍ അനുവദിക്കുക, പ്രസ്തുത തൊഴിലാളികളെയും തൊഴില്‍ ഉടമകളെയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, കടയിലെത്തുന്ന ഉപഭോക്താക്കളെ തടഞ്ഞ് അസഭ്യം പറയുന്നത് അവസാനിപ്പിക്കുക, വ്യാപാരികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കുക, കുറ്റക്കാര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് മാതൃകാപരമായ ശിക്ഷാ നടപടികള്‍ കൈക്കൊള്ളുക, സംസ്ഥാനം നിക്ഷേപസൗഹൃദമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന യത്നങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ പരാജയപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സംസ്ഥാന ട്രഷറര്‍ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് രാജന് തിയ റേത്ത്, സെക്രട്ടറി എം.ആര്. നൗഷാദ് എന്നിവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.