24.2 C
Iritty, IN
October 6, 2024
  • Home
  • National
  • പ്ലാസ്റ്റിക്ക് മാലിന്യം: 8 വര്‍ഷത്തിനുള്ളില്‍ ശ്രീലങ്കയില്‍ ചെരിഞ്ഞത് 20 ഓളം ആനകള്‍
National

പ്ലാസ്റ്റിക്ക് മാലിന്യം: 8 വര്‍ഷത്തിനുള്ളില്‍ ശ്രീലങ്കയില്‍ ചെരിഞ്ഞത് 20 ഓളം ആനകള്‍

കൊളംബിയ: തുറസ്സായ പ്രദേശങ്ങളില്‍ പ്ലാസ്റ്റിക്ക് മാലിന്യം പുറന്തള്ളുന്നത് ആനകള്‍ക്ക് ഭീഷണിയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുമ്പും ശ്രീലങ്കയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അംപാര ജില്ലയിലെ പല്ലക്കാട് എന്ന പ്രദേശത്താണ് മാലിന്യം തള്ളുന്നത്‌. രാജ്യതലസ്ഥാനമായ കൊളംബിയയില്‍ നിന്ന് 210 കിലോമീറ്റര്‍ അകലെയാണിത്. എന്നാല്‍ മുന്നറിയിപ്പ് പാടെ അവഗണിക്കപ്പെട്ടത് മൂലം കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് ആനകളുടെ ജഡം കൂടി പ്രദേശത്ത് കണ്ടെത്തി. കഴിഞ്ഞ എട്ടുവര്‍ഷത്തിനുള്ളില്‍ 20 ഓളം ആനകളാണ് പ്രദേശത്ത് പ്ലാസ്റ്റിക്ക് ഭക്ഷിച്ചു ചെരിഞ്ഞത്.

ജഡങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആനകള്‍ വലിയ തോതില്‍ നോണ്‍ ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക്ക് ഭക്ഷിച്ചുവെന്ന് കണ്ടെത്തി. പോളിത്തീന്‍, ഫുഡ് റാപ്പര്‍, പ്ലാസ്റ്റിക്ക് എന്നിവ മാത്രമാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയതെന്ന് വെറ്റിനറി ഡോക്ടറായ നിഹാല്‍ പ്രതികരിച്ചു. ആനകള്‍ സാധാരണ ഭക്ഷിക്കാറുള്ള യാതൊന്നിന്റെയും സാന്നിധ്യമില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ആദ്യ സെന്‍സസ് പ്രകാരം 19-ാം നൂറ്റാണ്ടില്‍ 14,000 ആയിരുന്ന ആനകളുടെ എണ്ണം 2011 ഓടെ 6,000 ആയി കുറഞ്ഞു.

സ്വാഭാവിക ആവാസവ്യവസ്ഥയുടെ നഷ്ടത്തിനും തകര്‍ച്ചയ്ക്കും ആനകള്‍ വിധേയമാകാനുള്ള സാധ്യതയേറെയാണ്. പലതും ഭക്ഷണം തേടി മനുഷ്യവാസ കേന്ദ്രങ്ങളില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ചില കര്‍ഷകര്‍ ആകട്ടെ വിളകള്‍ നശിപ്പിച്ചതിന്റെ പേരില്‍ അവയെ കൊന്നൊടുക്കി. വന്‍തോതിലുള്ള വേട്ടയാടലും ഇവയുടെ എണ്ണം കുറയാന്‍ കാരണമായി. പ്ലാസ്റ്റിക്ക് ശകലങ്ങള്‍ ഭക്ഷിക്കുന്ന ആനകള്‍ അവശരാകുകയും അതുമൂലം സ്വാഭാവിക ഭാരം നിലനിര്‍ത്താന്‍ സാധിക്കാതെയും വരുന്നു. മറ്റ് ആഹാരങ്ങള്‍ ഭക്ഷിക്കാനാവാതെ മരണത്തിന് കീഴടങ്ങുകയും ചെയ്യും.

ആനകളുടെ സംരക്ഷണത്തിനായി 2017 ല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു. വനപ്രദേശത്തിന് സമീപത്തുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യുക, ഇലക്ട്രിക്ക് വേലികള്‍ സ്ഥാപിക്കുക എന്നിവയായിരുന്നു അത്. എന്നാല്‍ ഈ രണ്ട് പദ്ധതികളും വാക്കുകളില്‍ മാത്രം ഒതുങ്ങുകയായിരുന്നു. വനപ്രദേശത്തിന് സമീപത്തായി 54 ഓളം മാലിന്യ നിര്‍മാര്‍ജന കേന്ദ്രങ്ങള്‍ ശ്രീലങ്കയിലുണ്ട്. 2008 ല്‍ സ്ഥാപിച്ച പല്ലക്കാടിലെ മാലിന്യനിര്‍മാര്‍ജന കേന്ദ്രത്തിലേക്ക് ഒന്‍പത് ഗ്രാമങ്ങളിലെ മാലിന്യങ്ങളാണ് എത്തുന്നത്. ഇവയിലൊന്നും റീസൈക്കിള്‍ ചെയ്യപ്പെടുന്നില്ല.

ഇലക്ട്രിക്ക് വേലികള്‍ പ്രദേശത്ത് സ്ഥാപിച്ചുവെങ്കിലും 2014 ല്‍ ഇവ നശിക്കുകയും വന്‍തോതില്‍ കാട്ടാനകള്‍ പ്രദേശത്തേക്ക് എത്തുകയും ചെയ്തു. പലപ്പോഴും പ്രദേശവാസികള്‍ ആനകളെ ഓടിക്കാനായി പടക്കങ്ങളാണ് ഉപയോഗിക്കുന്നത്. കേടായ ഇലക്ട്രിക്ക് വേലികള്‍ ശരിയാക്കുന്നതിനെ കുറിച്ച് പ്രദേശവാസികള്‍ക്ക് യാതൊരു അറിവുമില്ലാത്തതും പ്രശ്‌നം ഗുരുതരമാക്കി. ഇത് ആനകളുടെയും പ്രദേശവാസികളുടെയും ജീവിതം ഒരേ പോലെ ദുരിത പൂര്‍ണമാക്കി. കൃഷിക്കും മനുഷ്യര്‍ക്കും ആനകള്‍ക്കും യാതൊരു ദോഷവും വരുത്താതെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

Related posts

സെന്‍സെക്‌സ് 389 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 16,800നരികെ

Aswathi Kottiyoor

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ഇനിമുതൽ മാസ്ക് ധരിക്കേണ്ടതില്ല: അമേരിക്ക….

Aswathi Kottiyoor

രാജ്യത്ത് 6561 പേര്‍ക്ക് കൂടി കൊവിഡ്; 142 മരണം

Aswathi Kottiyoor
WordPress Image Lightbox