കണ്ണൂർ: പൈതൽമല-പാലക്കയംതട്ട് -കാഞ്ഞിരക്കൊല്ലി ടൂറിസം സർക്യൂട്ടിന്റെ വികസനവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തയാറാക്കാൻ വനം-ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം ഈ മാസം തന്നെ ബന്ധപ്പെട്ട കേന്ദ്രങ്ങൾ സന്ദർശിക്കും. ഇന്നലെ വനം-വന്യജീവി മന്ത്രി എ.കെ.ശശീന്ദ്രൻ, പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് സമർപ്പിച്ച നിർദേശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഉന്നതതലയോഗം. അടിയന്തര പ്രാധാന്യത്തോടെ ഈ ടൂറിസം സർക്യൂട്ട് വികസിപ്പിക്കാനാണ് തീരുമാനം.
സംയുക്ത ഉദ്യോഗസ്ഥസംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ അടുത്ത മാസം ആദ്യപകുതിയിൽ തന്നെ മന്ത്രിമാരുടെ നേതൃത്വത്തിൽ വീണ്ടും യോഗം ചേരാനും തീരുമാനമായിട്ടുണ്ട്. ഉത്തരമലബാറിന്റെ ടൂറിസം ഭൂപടത്തിൽ നിർണായകസ്ഥാനമുള്ള ഈ സർക്യൂട്ടിന്റെ വികസനം വിനോദസഞ്ചാര മേഖലയിൽ വലിയ കുതിപ്പിന് വഴിവയ്ക്കുമെന്ന് മന്ത്രിമാരായ എ.കെ.ശശീന്ദ്രനും പി.എ.മുഹമ്മദ് റിയാസും യോഗത്തിൽ വ്യക്തമാക്കി. പൈതൽമല ടൂറിസം പദ്ധതിക്ക് അഞ്ചു പതിറ്റാണ്ടിന്റെ ചരിത്രമുണ്ടെങ്കിലും ഇന്നും പ്രാഥമിക സൗകര്യങ്ങൾ പോലും ഇവിടെയില്ല എന്ന കാര്യം ജോൺ ബ്രിട്ടാസ് എംപി യോഗത്തിൽ ചൂണ്ടിക്കാട്ടി.
സ്വാഭാവിക വനത്തിന് ഭംഗം നേരിടാതെ പൈതൽമല നവീകരണം വനംവകുപ്പിന്റെ പൂർണ സഹകരണത്തോടെ വികസിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. പ്രവേശന സംവിധാനങ്ങൾ, ട്രക്കിംഗ് പാത്ത് വേകൾ, ശുചിമുറികൾ, പാർക്കിംഗ് സൗകര്യങ്ങൾ, ഇക്കോ ഷോപ്പുകൾ, വാച്ച് ടവർ, വ്യൂ പോയിന്റ് നാമകരണം, കുറിഞ്ഞിപ്പൂക്കൾ ഉൾപ്പെടെയുള്ള ജൈവവൈവിധ്യങ്ങളുടെ സൂചകങ്ങൾ തയാറാക്കൽ, ബൈനോക്കുലർ സംവിധാനം, ടൂറിസം റിസോർട്ട് പുനരുദ്ധാരണം തുടങ്ങിയ കാര്യങ്ങൾ ഉടൻ ഏറ്റെടുത്ത് നടപ്പിലാക്കും.
കാരവാൻ പദ്ധതി, ടെന്റുകൾ, ഹട്ടുകൾ, റോപ്പ് വേ എന്നിവയുൾപ്പെടെ ദീർഘകാലാടിസ്ഥാനത്തിൽ ചെയ്യേണ്ട പദ്ധതികൾ സംബന്ധിച്ചും വിദഗ്ധസംഘത്തിന്റെ സന്ദർശനത്തിനുശേഷം രൂപരേഖ തയാറാക്കാനും ധാരണയായി. കാഞ്ഞിരക്കൊല്ലിയുടെ വികസനസാധ്യതകൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് വനംവകുപ്പ് പഠിച്ച് റിപ്പോർട്ട് നൽകും. പാലക്കയംതട്ടിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി സമർപ്പിച്ച കരട് നിർദേശങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർദേശം നൽകി.
പാലക്കയംതട്ടിലേക്കുള്ള റോഡുകളുടെ നവീകരണം, റൈൻ ഹട്ടുകൾ, കേബിൾ കാർ പദ്ധതി, പ്രവർത്തനരഹിതമായ സോളാർ ലൈറ്റുകളുടെ പുനഃസ്ഥാപനം, പ്രവേശന കവാടങ്ങളുടെ നിർമാണം, ശുചിമുറികൾ, ടവറുകൾ, അതിർത്തി നിർണയിച്ച് സുരക്ഷാവേലി സ്ഥാപിക്കൽ, ഹട്ടുകൾ, ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള കുഴൽക്കിണർ നിർമാണം, നടപ്പാത നിർമാണം, പോലീസ് എയ്ഡ് പോസ്റ്റുകൾ തുടങ്ങിയവയുടെ നിർമാണവും യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് യോഗത്തിൽ നിർദേശം നൽകി. പാലക്കയംതട്ടിലെ സർക്കാർഭൂമി കൈയേറിയതു സംബന്ധിച്ചുള്ള പരാതികൾ അടിയന്തരമായി അന്വേഷിക്കണമെന്ന നിർദേശവുമുണ്ടായി.
ഡി.കെ. വിനോദ്കുമാർ (ഉത്തരമേഖല ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്), ആർ.എസ്.അരുൺ (ഡയറക്ടർ, ഇക്കോ ടൂറിസം), ഇ.സഹീദ് (ടൂറിസം വകുപ്പ് അഡീഷണൽ സെക്രട്ടറി), കെ.രൂപേഷ്കുമാർ (സ്റ്റേറ്റ് റോസ്പോൺസിബിൾ ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ), ജെ.അനിൽ ജോസ് (കണ്ണൂർ ജില്ലാ ഡെപ്യൂട്ടി കളക്ടർ ), ടി.വി.പത്മകുമാർ (ടൂറിസം വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി), ജി.ആർ.രാജേഷ് (വനം-വന്യജീവി വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി), ടി.വി. പ്രശാന്ത് (ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ), എ.ആർ. സന്തോഷ് ലാൽ (ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ), രാജീവ് കാരിയിൽ (ടൂറിസം വകുപ്പ് പ്ലാനിംഗ് ഓഫീസർ) തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.