തലശേരി: രാജ്യത്തിന്റെ നിലനിൽപ്പിന് അടിസ്ഥാനമായ കർഷകരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ട്. ഇൻഫാമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ കർഷക അവകാശ സംരക്ഷണ ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്. കർഷകർ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റാൻ സർക്കാർ തയാറാകണമെന്നും മാർ ജോർജ് ഞറളക്കാട്ട് ആവശ്യപ്പെട്ടു. കർഷകരുടെ ന്യായമായ അവകാശങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്ന് അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു. പ്രതിസന്ധിഘട്ടങ്ങളിൽ കർഷകർ നടത്തിയ ശക്തമായ പോരാട്ടങ്ങളുടെ ചരിത്രം ആരും മറക്കരുതെന്നും അവകാശങ്ങൾ നേടിയെടുക്കാൻ കർഷകർ സംഘടിക്കാൻ തയാറാകണമെന്നും ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം പറഞ്ഞു
ഡൽഹിയിലെ കർഷകസമരത്തിൽ പങ്കെടുത്ത അഡ്വ. ബിനോയ് തോമസ്, സുരേഷ് ഓടപ്പന്തിയിൽ, ജോസഫ് വടക്കേക്കര, അനന്തൻ പയ്യാവൂർ, ജോയി മണമേൽ, അമൽ കുര്യൻ പുളിക്കൽ എന്നിവരെ ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ട് ഷാളണിയിച്ച് ആദരിച്ചു. ഇൻഫാം ജില്ലാ പ്രസിഡന്റ് സ്കറിയ നെല്ലംകുഴി അധ്യക്ഷത വഹിച്ചു. ഇൻഫാം അതിരൂപത ഡയറക്ടർ ഫാ. തോമസ് ചെരുവിൽ വിഷയാവതരണം നടത്തി. അഡ്വ. ബിനോയ് തോമസ്, ഡോ. ജോസഫ് തോമസ്, സണ്ണി തുണ്ടത്തിൽ, ജോസ് തോണിക്കൽ എന്നിവർ പ്രസംഗിച്ചു. ഇൻഫാമിന്റെ വിവിധ യൂണിറ്റ് പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.
അതിരൂപതയിലെ വിവിധ ഇടവകായൂണിറ്റുകളിലും കർഷക അവകാശ സംരക്ഷണ ദിനാചരണം നടന്നു. യൂണിറ്റ് ഡയറക്ടർമാരും ഭാരവാഹികളും നേതൃത്വം നൽകി.