സീറോ മലബാര്‍ സഭയുടെ നവീകരിക്കപ്പെട്ട കുര്‍ബാന ക്രമം വിശ്വാസികളുടെ ഐക്യത്തിനും കെട്ടുറപ്പിനുംവേണ്ടിയാണെന്നും എത്രയും വേഗം നടപ്പിലാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി.
സഭയുടെ വിവിധ തലങ്ങളില്‍ ലിറ്റര്‍ജി കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനങ്ങളും നിരവധി ചര്‍ച്ചകളും നടത്തിയ ശേഷമാണ് പുതുക്കിയ ക്രമം സഭാ സിനഡില്‍ ആലോചിച്ചു തീരുമാനിച്ചത്. ഇതു പൗരസ്ത്യ തിരുസംഘം വിലയിരുത്തി മാര്‍പാപ്പ അംഗീകരിച്ചു നടപ്പിലാക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഈ തീരുമാനം അംഗീകരിക്കാനും പ്രാവര്‍ത്തികമാക്കാനും സഭാ നേതൃത്വത്തിനും വിശ്വാസികള്‍ക്കും ഉത്തരവാദിത്തമുണ്ട്.
കുര്‍ബാന ക്രമത്തിനെതിരേ ചില കേന്ദ്രങ്ങളില്‍നിന്ന് നടത്തുന്ന പ്രചരണങ്ങള്‍ വിശ്വാസികള്‍ക്ക് ഇടര്‍ച്ച വരുത്തുന്നതാണ്. ദുഷ്പ്രചാരണങ്ങളിലൂടെ വിവാദങ്ങളുണ്ടാക്കേണ്ടതല്ല ആരാധന ക്രമം. ഇത്തരം പ്രവണതകള്‍ അംഗീകരിക്കാനാകില്ലെന്നും ബന്ധപ്പെട്ടവര്‍ ഇതില്‍നിന്നു പിന്മാറണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍ പ്രമേയം അവതരിപ്പിച്ചു.
ഡോ. ജോബി കാക്കശേരി, ടെസി ബിജു, അഡ്വ.പി.ടി. ചാക്കോ, ഡോ. ജോസുകുട്ടി ഒഴുക, രൂപതാ പ്രസിഡന്റുമാരായ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ഡോ. ചാക്കോ കാളാംപറമ്പില്‍, തോമസ് ആന്റണി, അഡ്വ. ബിജു കുണ്ടുകുളം, പി.വി. പത്രോസ്, ഇമ്മാനുവേല്‍ നിധീരി, അഡ്വ. പി.പി. ജോസഫ്, ജോമി ഡോമിനിക്, തമ്പി എരുമേലിക്കര, ജോസ് പുതിയിടം, ഫ്രാന്‍സിസ് മൂലൻ, ഡോ. കെ.പി. സാജു, ജോര്‍ജ് കോയിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.