• Home
  • kannur
  • ‘സ്‌ത്രീപക്ഷ കേരളം’ ജനകീയ ക്യാമ്പയിന്‌ തുടക്കം
kannur

‘സ്‌ത്രീപക്ഷ കേരളം’ ജനകീയ ക്യാമ്പയിന്‌ തുടക്കം

കേരളീയ സമൂഹത്തിൽ ഉയർന്നുവരുന്ന സ്‌ത്രീവിരുദ്ധതയ്‌ക്കെതിരെ സിപിഐ എം സംഘടിപ്പിക്കുന്ന ‘സ്‌ത്രീപക്ഷ കേരളം’ ക്യാമ്പയിന്‌ തുടക്കം. സംസ്ഥാന വ്യാപകമായി വിപുലമായ പ്രചാരണ ബോധവൽക്കരണ പ്രവർത്തനത്തിന്‌‌‌ തുടക്കമായി‌. കൂട്ടായ്‌മകളും സ്‌ത്രീധന വിരുദ്ധ സദസ്സും ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള പരിപാടികളും നടന്നു. സ്‌ത്രീധനത്തിനെതിരെ സ്‌ത്രീകൾക്കൊപ്പം, വേണ്ട നമുക്കിനി ഇരകൾ, വീഴരുത്‌ ഇവിടെ ഇനി കണ്ണീർ തുടങ്ങിയ പ്രചാരണ മുദ്രാവാക്യങ്ങളുയർത്തിയാണ്‌‌‌ പരിപാടി സംഘടിപ്പിച്ചത്‌. വനിതകളും വിദ്യാർഥികളും യുവാക്കളും തൊഴിലാളികളും പരിപാടിയുടെ ഭാഗമായി. സാമൂഹ്യ സാംസ്‌കാരിക കലാരംഗത്തെ പ്രമുഖരും പങ്കെടുത്തു. എട്ടിന്‌ പ്രാദേശിക അടിസ്ഥാനത്തിൽ പൊതുപരിപാടി സംഘടിപ്പിക്കും.
തലസ്ഥാനത്ത്‌ ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച വനിതാ കൂട്ടായ്‌മ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി എൻ സീമ ഉദ്‌ഘാടനം ചെയ്‌തു.

വ്യക്തികളിൽനിന്ന് തുടങ്ങുന്ന മാറ്റം അനിവാര്യം: കെ കെ ശെെലജ
കണ്ണൂർ ;സ്ത്രീധനത്തിനും സ്ത്രീധനപീഡനത്തിനുമെതിരെ വ്യക്തികളിൽനിന്നും കുടുംബങ്ങളിൽനിന്നും തുടങ്ങുന്ന മാറ്റമാണ്‌ സമൂഹത്തിൽ ഉണ്ടാകേണ്ടെതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ. കേരളത്തിന്റെ സാമൂഹ്യപശ്ചാത്തലത്തിൽ കൂടുതൽ സാർഥകമായ ഇടപെടൽ വേണമെന്നും സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ക്ലബ് ഹൗസ് പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച ‘ സ്ത്രീധനം സാമൂഹ്യതിന്മ’ വെബിനാർ ഉദ്ഘാടനംചെയ്‌ത്‌ അവർ പറഞ്ഞു.
സ്ത്രീ–-പുരുഷ സമത്വം നടപ്പാകാൻ ഫ്യൂഡലിസ്റ്റ് മുതലാളിത്ത വ്യവസ്ഥ അനുവദിക്കില്ല. പണം, സ്വർണം തുടങ്ങി ഉപഭോഗസംസ്കാരത്തിന്റെ ആർത്തി വളർത്തേണ്ടത് മുതലാളിത്തത്തിന്റെ ആവശ്യമാണെന്നും കെ കെ ശൈലജ പറഞ്ഞു. സ്ത്രീധനപീഡനത്തിനും സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾക്കുമെതിരെ സിപിഐ എമ്മിന്റെ ‘സ്ത്രീപക്ഷ കേരളം’ ജനകീയ ക്യാമ്പയിന് തുടക്കം കുറിച്ചാണ് വെബിനാർ സംഘടിപ്പിച്ചത്.
തുല്യതാബോധമില്ലാത്തതാണ് സ്ത്രീധന പ്രശ്നങ്ങൾക്ക് കാരണമാകുന്നതെന്ന് മാധ്യമപ്രവർത്തകൻ എം വി നികേഷ്‌കുമാർ പറഞ്ഞു. പുരുഷൻ സ്ത്രീയെ സംരക്ഷിക്കുന്നുവെന്ന ചിന്ത മാറണം. എല്ലാ സ്ത്രീകൾക്കും തൊഴിലെടുക്കാനുള്ള സാഹചര്യം നിയമംവഴി കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീധന നിരോധന നിയമത്തെക്കുറിച്ച് ബോധവൽക്കരണം നടത്തണമെന്ന് അഡ്വ. രശ്മിത രാമചന്ദ്രൻ പറഞ്ഞു. സ്ത്രീധന നിരോധന ഓഫീസറെ നിയമിക്കണമെന്നും വിവാഹത്തോടനുബന്ധിച്ച് കൈമാറ്റം ചെയ്യപ്പെടുന്ന വസ്തുക്കൾ അക്കൗണ്ട് ചെയ്യപ്പെടണമെന്നും രശ്മിത പറഞ്ഞു.
നീതിന്യായ വ്യവസ്ഥയും നിയമപാലനവും പുരുഷകേന്ദ്രീകൃത ചട്ടക്കൂടിലാണ് പ്രവർത്തിക്കുന്നതെന്ന് അഡ്വ. ഗീനാകുമാരി പറഞ്ഞു. പെൺകുട്ടികളുടെ സ്വയം നിർണയാവകാശത്തെ ഹനിക്കുന്ന സദാചാരബോധം മാറണമെന്നും ഗീനാകുമാരി പറഞ്ഞു.
സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ മോഡറേറ്ററായി . ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ അസി. സെക്രട്ടറി എൻ സുകന്യ സ്വാഗതം പറഞ്ഞു.
എട്ട് വരെ നീളുന്ന വിപുലമായ ക്യാമ്പയിനാണ് തുടക്കമായത്. വെള്ളി, ശനി ദിവസങ്ങളിൽ 18 ഏരിയാ കമ്മിറ്റികളുടെ ഫേസ് ബുക്ക് പേജിലൂടെ സാമൂഹ്യ-, സാംസ്കാരിക, വനിതാ നേതാക്കളും അഭിഭാഷകരും പ്രഭാഷണം നടത്തും. നാല്‌, ആറ്‌ തിയതികളിൽ ഗൃഹസന്ദർശനം. ഏഴിന് വൈകിട്ട്‌ ഏഴിന്‌ കരിവെള്ളൂർ മുതൽ മയ്യഴി വരെ ദേശീയപാതയിലും ജില്ലയിലെ പ്രധാന പാതകളിലും ‘സ്ത്രീപക്ഷ കേരളം – ദീപമാല’ സംഘടിപ്പിക്കും. എട്ടിന് 225 കേന്ദ്രങ്ങളിൽ സ്ത്രീപക്ഷ കേരളം കൂട്ടായ്മ സംഘടിപ്പിക്കും.

Related posts

കോവിഡ് വാക്സിനേഷൻ 22 കേന്ദ്രങ്ങളിൽ………

Aswathi Kottiyoor

കണ്ണൂരിൽ നടക്കുന്ന സി.പി.എം 23-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ലോഗോ പ്രകാശനം ചെയ്തു

Aswathi Kottiyoor

ത​ല​മു​റ​ക​ൾ​ക്ക് നാ​ട​ൻ രു​ചി പ​ക​ർ​ന്ന ക​ല്ലു ക​ഫെ നാ​ണു യാ​ത്ര​യാ​യി

Aswathi Kottiyoor
WordPress Image Lightbox