കണ്ണൂർ: ദേശീയ വിദ്യാഭ്യാസ നയത്തിലെ അക്കാഡമിക് വിരുദ്ധ ആശയങ്ങൾ പിൻവലിക്കണമെന്ന് കണ്ണൂർ സർവകലാശാലയുടെ ഇരുപതാമത് അക്കാഡമിക് കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
ലോകത്തിലെ വികസിതരാജ്യങ്ങളിലെ അതിസമ്പന്നർ പഠിക്കുന്ന സർവകലാശാലകളെ മാതൃകയാക്കി കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യയിലെ സാധാരണക്കാരായ മനുഷ്യർക്ക് പ്രാപ്യതയും തുല്യതയും നിഷേധിക്കുകയാണെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടതാണെങ്കിലും ഏകപക്ഷീയമായി കേന്ദ്രീകരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും നയങ്ങളാണ് അടിച്ചേൽപ്പിക്കപ്പെടുന്നത്. അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് സമ്പ്രദായവും ബ്ലെൻഡഡ് മോഡ് പഠനരീതികളും ഉന്നതവിദ്യാഭ്യാസ രംഗത്തെ ജനകീയത തകർക്കുമെന്ന് സിൻഡിക്കറ്റ് അംഗം പ്രമോദ് വെള്ളച്ചാൽ അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ഇതിന് അനുബന്ധമായ മറ്റൊരു പ്രമേയവും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ജനവിരുദ്ധത വ്യക്തമാക്കി കൗൺസിൽ അംഗം ഡോ. പി. രഘുനാഥ് അവതരിപ്പിച്ചു.
വൈസ് ചാൻസലർ പ്രഫ.ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കൗൺസിൽ യോഗത്തിൽ പ്രോ-വൈസ് ചാൻസലർ ഡോ.എ.സാബു, രജിസ്ട്രാർ ഇ.വി.പി.മുഹമ്മദ് എന്നിവരും പങ്കെടുത്തു.
23 പേർ അവതരിപ്പിച്ച പ്രമേയങ്ങളിൽ ചിലതൊഴികെ മറ്റെല്ലാം മേൽനടപടിക്ക് പരിഗണിക്കപ്പെട്ടു. വിവിധ പ്രമേയങ്ങളുമായി ബന്ധപ്പെട്ട് ഡോ.ടി.പി. അഷ്റഫ്, ഡോ.കെ.ടി. ചന്ദ്രമോഹൻ, ഡോ.പി.കെ.പ്രസാദൻ, എം.സി.രാജു, ഡോ.രാഖി രാഘവൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും സമാനമായ സ്കൂളുകൾ, പഠനവവകുപ്പുകൾ എന്നിവ ഏകീകരിക്കുന്നതിനും വിവിധ ഫാക്കൽറ്റികൾ സംബന്ധിച്ചു പഠിക്കുന്നതിനും പുതുതലമുറ കോഴ്സുകളുടെ നാമകരണം സംബന്ധിച്ച് പഠിക്കുന്നതിനും കമ്മിറ്റികൾ രൂപീകരിച്ചു. ബധിര-മൂക വിദ്യാർഥികൾ സർവകലാശാല പരീക്ഷയെഴുതുമ്പോൾ വ്യാഖ്യാതാവിനെ അനുവദിക്കാനും അതിനുള്ള പാനൽ രൂപീകരിക്കാനും നിർദേശമുണ്ടായി.
ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെ സഹായിക്കാനും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. അക്കാഡമിക് കൗൺസിലിന്റെ അഭാവത്തിൽ 2016 മുതൽ വൈസ് ചാൻസലർ പാസാക്കിയ 270ലധികം ഉത്തരവുകൾക്കും വിവിധ പഠനബോർഡുകൾ പാസാക്കിയ തീരുമാനങ്ങൾക്കും അക്കാഡമിക് കൗൺസിൽ അംഗീകാരം നൽകി. എക്വിവാലൻസിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുതുകാഴ്ചപ്പാടുകൾ ഉണ്ടാകണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
വിഷയാടിസ്ഥാനത്തിൽ വർഷംതോറും അക്കാഡമിക് ശില്പശാലകൾ സംഘടിപ്പിച്ച് അക്കാഡമിക് നവീകരണം സാധ്യമാക്കുക, അന്തർദേശീയ പ്രതിഭകളെ പങ്കെടുപ്പിച്ച് പ്രഭാഷണപരമ്പരകൾ സംഘടിപ്പിക്കുക, തനത് ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക,∙മതനിരപേക്ഷ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ശാസ്ത്രവിജ്ഞാനം പൊതുജനങ്ങളിൽ എത്തിക്കുക, ശാസ്ത്രവിഷയങ്ങളിൽ പ്രദർശനങ്ങളും ശില്പശാലകളും സംഘടിപ്പിക്കുക എന്നീ പ്രമേയങ്ങളും അവതരിപ്പിച്ചു. യോഗത്തിൽ ഉദ്യോഗസ്ഥരും സർവകലാശാലയ്ക്കു പുറത്തുള്ള ഡീൻമാരും പങ്കെടുത്തു