തലശേരി: രക്തദാനത്തിലൂടെ നമ്മൾ ജീവന്റെ ദാനമാണ് നിർവഹിക്കുന്നതെന്ന് തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി. പ്രതീക്ഷ മദ്യപാനരോഗ ചികിത്സാകേന്ദ്രം, കെസിബിസി മദ്യവിരുദ്ധ സമിതി, മുക്തിശ്രീ എന്നിവയുടെ ആഭിമുഖ്യത്തിൽ മലബാർ കാൻസർ സെന്ററിന്റെ സഹകരണത്തോടെ പൊന്ന്യം ‘പ്രതീക്ഷ’യിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി.
ദൈവം മനുഷ്യന് രക്തം തന്നു. രക്തത്തിലാണ് ജീവൻ നിലനിൽക്കുന്നത്. രക്തം ദാനം ചെയ്യുമ്പോൾ ജീവനാണ് നാം ദാനം ചെയ്യുന്നത്. രക്തദാനം മഹാദാനവും ജീവന്റെ ദാനവുമാണ്. ഈ മേഖലയിൽ മലബാർ കാൻസർ സെന്റർ നടത്തുന്ന സേവനങ്ങൾ ഏറെ മാതൃകാപരമാണ്. മുന്പ് കാൻസർ ചികിത്സയ്ക്കായി മലബാറിൽനിന്ന് ദീർഘദൂരം നമുക്ക് സഞ്ചരിക്കേണ്ടിവന്നിരുന്നു. എന്നാൽ എംസിസിയുടെ വളർച്ചയിലൂടെ കാൻസറിനുള്ള മികച്ച ഏതു ചികിത്സയും നമുക്ക് ലഭ്യമാക്കാൻ സാധിച്ചു. ഇതു വലിയ ആശ്വാസമാണ് ജനങ്ങൾക്ക് നൽകിയിട്ടുള്ളതെന്നും മാർ പാംപ്ലാനി പറഞ്ഞു.
രക്തദാനം നടത്തിയാണ് മാർ പാംപ്ലാനി പരിപാടി ഉദ്ഘാടനം ചെയ്തത്.
ഫാ. ചാക്കോ കുടിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബാലകൃഷ്ണൻ, പ്രസ് ഫോറം പ്രസിഡന്റ് നവാസ് മേത്തർ, കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡന്റ് ആന്റണി മേൽവെട്ടം, മുക്തി ശ്രീ പ്രസിഡന്റ് ഷിനോ സിബി പാറക്കൽ, പ്രതീക്ഷ പ്രോജക്ട് ഡയറക്ടർ ഫാ.മാത്യു കാരിക്കൽ എന്നിവർ പ്രസംഗിച്ചു.