വൈശാഖോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തെതായ തിരുവോണം ആരാധന തിങ്കളാഴ്ച നടന്നു. ഉഷപ്പൂജയ്ക്കുശേഷമായിരുന്നു ആരാധനാപൂജ. തുടർന്ന് നിവേദ്യപൂജ കഴിഞ്ഞ് ശീവേലി എഴുന്നള്ളത്തിന് തുടക്കമായി. കോവിഡിന്റെ പശ്ചാത്തലത്തിൽ ആനകളും വിശേഷവാദ്യങ്ങളും ഒഴിവാക്കിയാണ് ചടങ്ങ് നടത്തിയത്. ഭണ്ഡാരങ്ങൾ ശീവേലിക്ക് അകമ്പടിയായി.
ചൊവ്വാഴ്ചയാണ് ഇളനീർവെപ്പ്. ഇളനീർകാവുകളുമായി സംഘങ്ങൾ യാത്രയാരംഭിച്ചിട്ടുണ്ട്. കുറ്റ്യാടിയിൽനിന്ന് എണ്ണത്തണ്ടയാന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘവും മറ്റു പ്രദേശങ്ങളിൽനിന്ന് അഞ്ചുപേരടങ്ങുന്ന അഞ്ച് സംഘങ്ങളുമാണ് ഇളനീരുമായി എത്തുക. മുൻ വർഷങ്ങളിൽ ആയിരക്കണക്കിന് ഇളനീർസംഘങ്ങൾ എത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ആറ് സംഘങ്ങളായി ചുരുക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച സംഘങ്ങൾ കൊട്ടിയൂരിലെത്തും. ഓരോ സംഘങ്ങളും അക്കരെ സന്നിധാനത്തെത്തി ഇളനീർകാവുകൾ സമർപ്പിച്ച് മടങ്ങിയശേഷമാവും അടുത്ത സംഘത്തെ പ്രവേശിപ്പിക്കുകയെന്ന് കൊട്ടിയൂർ ദേവസ്വം അധികൃതർ അറിയിച്ചു. ബുധനാഴ്ചയാണ് ഇളനീരാട്ടം. രണ്ടാമത്തെ ആരാധനയായ അഷ്ടമി ആരാധനയും അന്ന് നടക്കും.