ഇരിട്ടി : കോവിഡ് അടച്ചുപൂട്ടൽ കാരണം കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കാൻ സാധിക്കുന്നില്ലെന്നും ഇതു പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും സണ്ണി ജോസഫ് എംഎൽഎ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പെട്ടന്നുള്ള അടച്ചിടൽ കാർഷികമേഖലയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. കശുവണ്ടി, റബർ, നാളികേരം, കുരുമുളക്, പഴം, പച്ചക്കറി തുടങ്ങിയവ വിൽക്കാൻ കഴിയുന്നില്ല. കാർഷികോത്പന്നങ്ങൾ വില്പന നടത്താൻ മലഞ്ചരക്ക് കടകൾ നിയന്ത്രണങ്ങളോടെ തുറക്കാനും കർഷകർക്ക് ഇത് വിപണിയിൽ എത്തിക്കാനും സൗകര്യമൊരുക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.