കണ്ണൂർ: ജില്ലയില്‍ ഉള്‍പ്പെടെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വൈറസ് വ്യാപനത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന ജാഗ്രത തിരിച്ചുപിടിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില്‍ നടന്ന ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗം നിർദേശിച്ചു. കോവിഡ് രോഗികളുടെ എണ്ണം കൂടാനുള്ള സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ചികിത്സാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. രോഗികളെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം പരമാവധി വരാതെ നോക്കണം. ഇതിനാവശ്യമായ ഓക്സിജന്‍, മരുന്നുകള്‍, സുരക്ഷാസാമഗ്രികള്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പുവരുത്തണം. അവശ്യഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി ഓരോ പഞ്ചായത്തിലും സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കി വയ്ക്കണമെന്നും മന്ത്രി നിർദേശിച്ചു.
രോഗവ്യാപനം തടയുന്നതില്‍ മാസ്ക് ധാരണം, സാനിറ്റൈസര്‍ ഉപയോഗം, സാമൂഹ്യ അകലം പാലിക്കല്‍ എന്നിവയ്ക്കുള്ള പ്രധാന്യം കുറച്ചുകാണാന്‍ പാടില്ല. ജില്ലയിലെ ഓഫീസുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങി എല്ലായിടങ്ങളിലും ഇവ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം.
ഇക്കാര്യത്തില്‍ പോലീസ് പരിശോധനകള്‍ കര്‍ശനമാക്കണം. കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും ലംഘിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനും തദ്ദേശസ്ഥാപന തലത്തില്‍ സെക്ടര്‍ മജിസ്ട്രേറ്റുമാരെ നിയമിക്കാനും ഡിഡിഎംഎ യോഗം തീരുമാനിച്ചു.
വാര്‍ഡ്തല ജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്താനും കോവിഡ് രോഗികളുടെ ഹോം ഐസൊലേഷനും സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ ക്വാറന്റൈനും കൃത്യമായി നടപ്പിലാകുന്നുവെന്ന് ഉറപ്പുവരുത്താനും യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി.
വ്യാപാരസ്ഥാപനങ്ങള്‍ പരമാവധി ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണം. ഷോപ്പിംഗ് വേളയില്‍ കുട്ടികളെ കൂടെ കൊണ്ടുപോകാതിരിക്കാനും അടിയന്തര സാഹചര്യങ്ങളിലല്ലാതെ പ്രായമായവര്‍ വീടിനുപുറത്ത് ഇറങ്ങാതിരിക്കാനും ശ്രദ്ധിക്കണം.
ജില്ലയില്‍ കോവിഡ് പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കണം. മൊബൈല്‍ ടെസ്റ്റ് യൂണിറ്റുകളുടെ സേവനം കൂടുതല്‍ വ്യാപിപ്പിക്കണം. വിദേശയാത്ര ചെയ്യുന്നവര്‍ക്ക് സമയബന്ധിതമായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ജാഗ്രത പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയില്‍ വാക്സിനേഷന് കാന്പയിന് ശക്തിപ്പെടുത്തണം. 45 വയസ് കഴിഞ്ഞ മുഴുവന്‍ ആളുകള്‍ക്കും വാക്സിന് ലഭ്യമാക്കുന്നതിന് തദ്ദേശസ്ഥാപന തലത്തില്‍ നടപടികള്‍ കൈക്കൊള്ളണമെന്നും യോഗം നിര്‍ദേശിച്ചു. ബീച്ചുകള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഉത്സവസ്ഥലങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്ന് ഡിഡിഎംഎ ചെയര്‍മാന്‍കൂടിയായ ജില്ലാകളക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. വ്യാപാരസ്ഥാപനങ്ങളിലെത്തുന്നവര്ക്ക് സാനിറ്റൈസര്‍ നല്കാന് പ്രത്യേകം ജീവനക്കാരനെ നിയോഗിക്കണമെന്നും ജില്ലാകളക്ടര്‍ നിർദേശിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, സബ് കളക്ടര്‍ അനുകുമാരി, ഡിഡിസി സ്നേഹില്‍ കുമാര്‍ സിംഗ്, എസ്പിമാരായ ആര്. ഇളങ്കോ (സിറ്റി), നവനീത് ശര്‍മ (റൂറല്‍), എഡിഎം ഇ.പി. മേഴ്സി, ഡിഎംഒ ഡോ. കെ നാരായണ നായിക്, ഡപ്യൂട്ടി ഡിഎംഒ ഡോ. എം. പ്രീത തുടങ്ങിയവര്‍ പങ്കെടുത്തു.
previous post