കണ്ണൂർ: പോലീസുകാർക്കുള്ള പോസ്റ്റൽ ബാലറ്റ് ഒപ്പിടുന്നതിന് നിശ്ചയസമയപരിധി ഏർപ്പെടുത്തിയ റൂറൽ എസ്പിയുടെ ഉത്തരവിൽ പോലീസ് സേനയിൽ പ്രതിഷേധം. കണ്ണൂർ റൂറൽ എസ്പിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. പോസ്റ്റൽ ബാലറ്റ് കൗണ്ടർ സൈൻ ചെയ്യുന്നതിന് റൂറൽ പോലീസിന്റെ കീഴിലുള്ള സബ് ഡിവിഷനിൽ ഓരോ ദിവസത്തെ ക്യാന്പാണ് സംഘടിപ്പിച്ചിരിക്കുന്നത്. കൂത്തൂപറന്പ്, തലശേരി, കണ്ണൂർ സബ് ഡിവിഷനിലാണ് ക്യാന്പ് സംഘടിപ്പിച്ചിരിക്കുന്നത്. അസിസ്റ്റന്റ് കമ്മീഷണറാണ് പോസ്റ്റൽ ബാലറ്റിൽ ഒപ്പിടേണ്ടത്. ഇന്ന് കൂത്തുപറന്പ്, തലശേരി സബ് ഡിവിഷനിലാണ് അസിസ്റ്റന്റ് കമ്മീഷണർ ക്യാന്പ് ചെയ്യുന്നത്. കൂത്തുപറന്പ്, തലശേരി ഡിവിഷൻ പരിധിയിലുള്ള പോലീസ് സ്റ്റേഷനിലെ പോലീസുകാർ കൂത്തുപറന്പ്, തലശേരി പോലീസ് സ്റ്റേഷനിൽ പോയി പോസ്റ്റൽ ബാലറ്റിൽ ഒപ്പുവാങ്ങണം. ഇന്നുതന്നെ വാങ്ങിയില്ലെങ്കിൽ പോസ്റ്റൽ ബാലറ്റ് അവസരം ഉദ്യോഗസ്ഥർക്ക് നഷ്ടപ്പെടും. പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കെല്ലാം ഒപ്പുവാങ്ങാൻ പോകുന്പോൾ ആ ഡിവിഷനു കീഴിലുള്ള പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനവും അവതാളത്തിലാകും. ഒപ്പിട്ടുവാങ്ങാൻ പറ്റിയില്ലെങ്കിൽ മറ്റൊരു ഡിവിഷനിൽ ഉദ്യോഗസ്ഥൻ വരുന്പോൾ ഒപ്പിടുവിക്കാൻ പറ്റുകയുമില്ല. നാളെ കണ്ണൂർ ഡിവിഷനിലാണു ക്യാന്പ്. എന്നാൽ ചില ഡ്യൂട്ടികൾ ഒഴിവാക്കാൻ പറ്റാത്ത സേനാംഗങ്ങൾ ഉണ്ട് ഇവർക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടും. പോസ്റ്റൽ ബാലറ്റ് ഒപ്പിട്ടുകിട്ടാൻ സമയപരിധി ഏർപ്പെടുത്തിയത് പിൻവലിക്കണമെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ ആവശ്യം.