മട്ടന്നൂര്‍ : കല്ലൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. വിഗ്രഹത്തില്‍ അണിഞ്ഞ മാല, പതക്കം, ഓഫിസില്‍ സൂക്ഷിച്ചിരുന്ന നിത്യനിദാന കിരീടങ്ങള്‍ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. മട്ടന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. എസ്.ഐ ഷിബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
ക്ഷേത്രത്തിലെ ശ്രീകോവില്‍, ചുറ്റമ്ബലം, അഗ്രശാല, വഴിപാട് കൗണ്ടര്‍ എന്നിവയുടെയും പൂട്ട് തകര്‍ത്തു അകത്തുകയറിയും ഭണ്ഡാരങ്ങള്‍ പൊളിച്ചുമാണ് കവര്‍ച്ച നടത്തിയത്. ഇന്നലെ പുലര്‍ച്ചെ ക്ഷേത്രത്തില്‍ പൂജ നടത്താനെത്തിയ പൂജാരിയും വഴിപാട് കൗണ്ടര്‍ ജീവനക്കാരനുമാണ് ശ്രീകോവിലിന്റേതുള്പ്പെടെ വാതില്‍ തുറന്നിട്ടനിലയില്‍ കണ്ടത്. തുടര്‍ന്നു ക്ഷേത്രം ഭാരവാരവാഹികളെ വിവരമറിയിക്കുകയും ക്ഷേത്രം പ്രസിഡന്റ് കെ.വി.രാമചന്ദ്രന് മട്ടന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയമായിരുന്നു.
ശ്രീകോവിലിനുള്ളില്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണപ്പതക്കവും മൂന്ന് വെള്ളി കിരീടവുമാണ് മോഷണം പോയത്. ക്ഷേത്രത്തിനു പിന്നിലൂടെ കയറിയ മോഷ്ടാക്കള്‍ ചുറ്റമ്ബലത്തിന്റെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് അകത്തുകയറിയത്. ശ്രീകോവിലില്‍നിന്ന് എട്ടുഗ്രാം വരുന്ന സ്വര്‍ണപ്പതക്കവും വെള്ളി മാലയും ഒരു ലക്ഷം രൂപ വിലവരുന്ന ഒരു കിലോയുടെ കല്ലു പതിച്ച വെള്ളി കിരീടം, 600 ഗ്രാമിന്റെ അയ്യപ്പന്റെ വെള്ളി കിരീടം, 500 ഗ്രാമിന്റെ ഗണപതിയുടെ വെള്ളി കിരീടം, മേശയില്‍ സൂക്ഷിച്ച 25,000 രൂപ തുടങ്ങിയവയാണ് മോഷണം പോയത്.
സംഭവത്തില്‍ പോലീസ് ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തി. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ക്ഷേത്രം പ്രസിഡന്റ് കെ.വി.രാമചന്ദ്രന് പറഞ്ഞു.