24.2 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • അര്‍ജുനായി നെഞ്ചിടിപ്പോടെ നാട്; ദൗത്യം നിർണായക ഘട്ടത്തിൽ, ഐബോഡ് പരിശോധന തുടങ്ങി
Uncategorized

അര്‍ജുനായി നെഞ്ചിടിപ്പോടെ നാട്; ദൗത്യം നിർണായക ഘട്ടത്തിൽ, ഐബോഡ് പരിശോധന തുടങ്ങി

ബെംഗളൂരു: ഗംഗാവലി നദിയില്‍ പുതഞ്ഞ അര്‍ജുന്‍റെ ലോറി കണ്ടെടുക്കാനുള്ള ദൗത്യം നിര്‍ണായക ഘട്ടത്തില്‍. ഐബോഡ് പരിശോധന തുടങ്ങി. നദിയോട് ചേർന്ന് ഡ്രോൺ പറത്തിയാണ് നിരീക്ഷണം നടത്തുന്നത്. പുഴയ്ക്കടിയിലെ ട്രക്കിന്‍റെ കിടപ്പും സ്ഥാനവും ഐബോഡ് ഡ്രോൺ പരിശോധനയില്‍ വ്യക്തമാകും. എന്നാല്‍, മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയില്‍ കഴിഞ്ഞേക്കില്ലെന്നാണ് നാവികസേന അറിയിക്കുന്നത്. മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ദൗത്യം വീണ്ടും നീളും.

അര്‍ജുന്‍റെ ട്രക്ക് കണ്ടെത്താന്‍ പുഴയിൽ രാവിലെ പരിശോധന നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം നാവിക സേനയുടെ മുങ്ങൽ വിദഗ്ധര്‍ വെള്ളത്തിലേയ്ക്ക് ഇറങ്ങിയില്ല. മൂന്ന് ബോട്ടുകളിലായി 15 അംഗ നാവിക സേന ഡൈവര്‍മാരമാണ് ആദ്യഘട്ട പരിശോധന നടത്തിയത്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ദൗത്യത്തിന് തടസമാണെന്ന് നാവികസേന അറിയിച്ചു. സ്റ്റീൽ ഹുക്ക് താഴേക്ക് ഇട്ട് ലോറിയിൽ കൊളുത്താൻ കഴിയാത്ത വിധത്തിലുള്ള അടിയൊഴുക്കാണ് പുഴയിലുള്ളത്. നദിയുടെ അടിത്തട്ടിലേക്ക് സ്റ്റീൽ ഹുക്കുകൾ എത്തിക്കാൻ പോലും ശക്തമായ അടിയൊഴുക്ക് കാരണം പറ്റിയില്ല. അതേസമയം, ട്രക്കിന്‍റെ കൃത്യമായ പൊസിഷൻ നിർണയിക്കാൻ വേണ്ടിയുള്ള ഐബോഡ് പരിശോധന പുരോഗമിക്കുകയാണ്. ഡ്രോണ്‍ പരിശോധനയിലൂടെ ട്രക്കിന്റെ കൃത്യമായ പൊസിഷൻ ലഭിക്കാന്‍ രണ്ട് മണിക്കൂറോളം വേണ്ടി വരും. എന്നാൽ ട്രക്കില്‍ മനുഷ്യസാന്നിധ്യമുണ്ടോ എന്ന് ഐബോഡിന് കണ്ടെത്താൻ കഴിഞ്ഞേക്കില്ല. ഇനി എന്ത് എന്നതില്‍ തീരുമാനമെടുക്കാന്‍ ദൗത്യസംഘം യോഗം ചേരുകയാണ്.

നാവികസേനയുടെ 15 മുങ്ങല്‍ വിദഗ്ധർമാരാണ് ഷിരൂരിൽ ഉള്ളത്. അഞ്ച് പേരടങ്ങുന്ന സംഘം മൂന്ന് ബോട്ടില്‍ തെരച്ചിലിനിറങ്ങിയിരുന്നു. പ്രത്യേക വൈദഗ്ധ്യം കിട്ടിയ ഒരാൾ കയർ കെട്ടി, ഓക്സിജൻ സഹായത്തോടെ ഇറങ്ങാനായിരുന്നു പദ്ധതി. എന്നാല്‍, ശക്തമായ അടിയൊഴുക്ക് കാരണം പുഴയ്ക്കടിയിലേക്ക് ഇറങ്ങിയുള്ള പരിശോധന നടത്താന്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് കഴിയുന്നില്ല. ഇടവിട്ട് പെയ്യുന്ന കനത്ത മഴയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്.‌ അതേസമയം, നദിക്കരയിൽ രണ്ട് ബൂം എക്സകവേറ്ററുകള്‍ ഉപയോഗിച്ച് മണ്ണ് നീക്കം ഇപ്പോഴും പുരോഗമിക്കുകയാണ്. അടിയൊഴുക്ക് മറികടക്കാന്‍ താത്കാലിക തടയണ നിര്‍മ്മിക്കാനുള്ള സാധ്യതയും ദൗത്യസംഘം സജീവമായി പരിഗണിക്കുന്നുണ്ട്.

ഇന്ന് ദൗത്യത്തിൽ ഇരുന്നൂറോളം പേർ നേരിട്ട് പങ്കെടുക്കുന്നു. 31 എൻഡിആർഎഫ് അംഗങ്ങൾ, 42 എസ്‌ഡിആർഎഫ് അംഗങ്ങൾ എന്നിവർ ദൗത്യത്തിൽ പങ്കാളിയാകുന്നു. ഇവർക്കൊപ്പം കരസേനയുടെ 60 അംഗങ്ങൾ, നാവികസേനയുടെ 12 ഡൈവർമാർ എന്നിവരും സ്ഥലത്തുണ്ട്. കർണാടക അഗ്നിരക്ഷാ സേനയുടെ 26 അംഗങ്ങളും ദൗത്യത്തിൽ പങ്കാളികളാണ്. റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിൽ സാങ്കേതിക സംഘം സ്ഥലത്തുണ്ട്. ഇത് കൂടാതെ ബൂം എക്സ്കവേറ്റർ അടക്കംഉപകരണങ്ങളുടെ വിദഗ്ധരും സ്ഥലത്ത് ഉണ്ട്.നൂറോളം വരുന്ന പൊലീസ് സംഘവും ജില്ലാ ഭരണകൂടത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.

Related posts

പക്ഷിപ്പനി; ആലപ്പുഴ ജില്ലയിൽ 12,678 വളർത്തുപക്ഷികളെ ശനിയാഴ്ച കൊന്നൊടുക്കും

Aswathi Kottiyoor

അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു

സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് കേരള സംസ്ഥാന

Aswathi Kottiyoor
WordPress Image Lightbox