30.2 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • മലപ്പുറം കോൺഗ്രസിൽ പൊട്ടിത്തെറി ; സ്ഥാനം രാജിവയ്‌ക്കുമെന്ന്‌ ആര്യാടൻ ഷൗക്കത്ത്‌
Uncategorized

മലപ്പുറം കോൺഗ്രസിൽ പൊട്ടിത്തെറി ; സ്ഥാനം രാജിവയ്‌ക്കുമെന്ന്‌ ആര്യാടൻ ഷൗക്കത്ത്‌

മലപ്പുറം:മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിനുപിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. ധാരണകൾ അവഗണിച്ച്‌ ആര്യാടൻ പക്ഷത്തെ വെട്ടിനിരത്തിയതിൽ പ്രതിഷേധിച്ച്‌ സ്ഥാനങ്ങൾ രാജിവയ്‌ക്കാൻ എ ഗ്രൂപ്പ്‌ തീരുമാനം. 16 നിയോജക മണ്ഡലം കമ്മിറ്റികളിൽനിന്നും പ്രവർത്തകരെ കെപിസിസി ആസ്ഥാനത്ത്‌ എത്തിച്ച്‌ പ്രതിഷേധം അറിയിക്കാനും മഞ്ചേരിയിൽ ചേർന്ന എ ഗ്രൂപ്പ്‌ നേതാക്കളുടെ യോഗം തീരുമാനിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കുകയാണെന്ന് ആര്യാടൻ ഷൗക്കത്ത് യോഗത്തെ അറിയിച്ചു.

മഞ്ചേരിയിലെ പ്രമുഖ നേതാവിന്റെ വീട്ടിൽ ഞായറാഴ്‌ച രാവിലെ ചേർന്ന യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്‌, വി എ കരീം, വി സുധാകരൻ, വീക്ഷണം മുഹമ്മദ്‌, റിയാസ്‌ മുക്കോളി എന്നിവരുൾപ്പെടെ മുപ്പതോളം നേതാക്കൾ പങ്കെടുത്തു. അവഗണനയും അവഹേളനവും സഹിച്ച്‌ മുന്നോട്ടുപോകാനാകില്ല. വിഷയം പരിഹരിച്ചില്ലെങ്കിൽ ഭാരവാഹി സ്ഥാനങ്ങൾ കൂട്ടത്തോടെ രാജിവയ്‌ക്കും. മഞ്ചേരിയിലേത്‌ രഹസ്യ യോഗമായിരുന്നെങ്കിൽ മണ്ഡലങ്ങളിൽ പലയിടത്തും പരസ്യമായിട്ടായിരുന്നു.

ജില്ലയിലെ 110 മണ്ഡലങ്ങളിലെയും പ്രസിഡന്റുമാരെ ശനിയാഴ്‌ച രാത്രിയാണ്‌ കെപിസിസി പ്രഖ്യാപിച്ചത്‌. എ പി അനിൽകുമാർ എംഎൽഎ, ഡിസിസി പ്രസിഡന്റ്‌ വി എസ്‌ ജോയ്‌, കെപിസിസി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്‌, ആലിപ്പറ്റ ജമീല, യുഡിഎഫ്‌ ജില്ലാ ചെയർമാൻ പി ടി അജയ്‌മോഹൻ, മുൻ ഡിസിസി പ്രസിഡന്റുമാരായ സി ഹരിദാസ്‌, ഇ മുഹമ്മദ്‌കുഞ്ഞി, ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി പി എ സലിം എന്നിവരുൾപ്പെട്ട കമ്മിറ്റി ജില്ലയിലെ 103 മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക തയ്യാറാക്കി കെപിസിസിക്ക് നൽകിയിരുന്നു. നിലവിലുള്ള ഗ്രൂപ്പുകൾ തുടരാനും തർക്കമുള്ള ഏഴിടത്ത്‌ പിന്നീട്‌ തീരുമാനിക്കാനുമായിരുന്നു ധാരണ. എന്നാൽ 22 മണ്ഡലങ്ങളിൽ ധാരണ തെറ്റിച്ചാണ്‌ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത്‌. വി എസ്‌ ജോയിയെ മുന്നിൽനിർത്തി കെ സുധാകരൻ ഗ്രൂപ്പുമായി ചേർന്ന്‌ എ പി അനിൽകുമാർ എ ഗ്രൂപ്പിനെ വെട്ടിനിരത്തി. ഇവ അനിൽകുമാറും സുധാകരൻ ഗ്രൂപ്പും വീതിച്ചെടുത്തു. നേരത്തെ 110 മണ്ഡലങ്ങളിൽ 97 ഉം 34 ബ്ലോക്കുകളിൽ 28 ഉം എ ഗ്രൂപ്പിനായിരുന്നു. എന്നാൽ ബ്ലോക്ക്‌ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോൾ എ ഗ്രൂപ്പിന് ലഭിച്ചത്‌ ഒമ്പത് സ്ഥാനംമാത്രം.എ ഗ്രൂപ്പ് നോമിനിയായിരുന്ന ആര്യാടൻ ഷൗക്കത്തിനെ വെട്ടി വി എസ് ജോയ് ഡിസിസി പ്രസിഡന്റായതോടെയാണ് ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിഞ്ഞത്. എ ഗ്രൂപ്പ് നോമിനിയായി കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന വി എസ് ജോയ് ഡിസിസി പ്രസിഡ​ന്റായതോടെ എ പി അനിൽകുമാറിനൊപ്പമായി. ഒരുകാലത്ത്‌ ജില്ലയിലെ കോൺഗ്രസിന്റെ എല്ലാമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തോടെ, അദ്ദേഹത്തിനൊപ്പംനിന്നവരെ തിരഞ്ഞുപിടിച്ച്‌ വെട്ടിനിരത്തുകയാണ്‌ എന്നാണ്‌ ആക്ഷേപം.

Related posts

ഇടുക്കിയിൽ ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് വയോധികയ്ക്ക് ദാരുണാന്ത്യം

Aswathi Kottiyoor

എം സി റോഡില്‍ കുളനട മാന്തുക പെട്രോള്‍ പമ്പിന് സമീപത്ത് അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.

Aswathi Kottiyoor

കബനിക്ക് രക്ഷകയായി കാരാപ്പുഴ, 60 കിലോമീറ്റർ 62 മണിക്കൂർ കൊണ്ട് പിന്നിട്ട് ജലമെത്തി, പുഴക്ക് പുതു ജീവൻ

Aswathi Kottiyoor
WordPress Image Lightbox