25.7 C
Iritty, IN
October 18, 2024
  • Home
  • Kerala
  • തൊഴിലുറപ്പ്‌ പദ്ധതി തകർക്കാൻ കേന്ദ്രം ; 3 വർഷത്തിനിടെ വെട്ടിക്കുറച്ചത്‌ 53,000 കോടി
Kerala

തൊഴിലുറപ്പ്‌ പദ്ധതി തകർക്കാൻ കേന്ദ്രം ; 3 വർഷത്തിനിടെ വെട്ടിക്കുറച്ചത്‌ 53,000 കോടി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയെ തകർക്കാനായി കേന്ദ്ര സർക്കാർ മൂന്നു വർഷത്തിനിടെ പദ്ധതി വിഹിതത്തിൽനിന്ന്‌ വെട്ടിക്കുറച്ചത്‌ 53,000 കോടി രൂപ. ഗ്രാമീണ ജനങ്ങൾക്ക്‌ തൊഴിലും വരുമാനവും ഉറപ്പുവരുത്താൻ ഇടതുപക്ഷ ഇടപെടലിനെത്തുടർന്ന്‌ ഒന്നാം യുപിഎ സർക്കാർ കാലത്ത്‌ നടപ്പാക്കിയ പദ്ധതി ദുർബലപ്പെടുത്താനാണ്‌ മോദി സർക്കാർ നിരന്തരം ശ്രമിക്കുന്നത്‌.

രാജ്യത്തെ 15 കോടി കുടുംബങ്ങളിലെ 26 കോടി പേർക്കായി 2021–- 22 സാമ്പത്തികവർഷം 1,13,000 കോടി രൂപ പദ്ധതിക്ക്‌ വകയിരുത്തിയത്‌ 2022–- 23ൽ 98,000 കോടിയായി കുറച്ചു. 2023– -24 സാമ്പത്തിക വർഷത്തിൽ 60,000 കോടിയായി കുറച്ചു. 2021–- 22 വർഷം 337 കോടി തൊഴിൽദിനങ്ങൾ അനുവദിച്ചിടത്ത്‌ 2022– -23ൽ 285 കോടി ദിനങ്ങളായി താഴ്‌ത്തി. നടപ്പുവർഷം തൊഴിൽദിനങ്ങൾ 220 കോടിയായി വെട്ടിക്കുറച്ചു. പദ്ധതിയിൽ രജിസ്റ്റർ ചെയ്‌തതിൽ മൂന്നിലൊന്നു കുടുംബങ്ങൾക്കാണ്‌ തൊഴിൽ നൽകുന്നത്‌. കഴിഞ്ഞ വർഷം 3.95 കോടി കുടുംബങ്ങൾക്കാണ്‌ തൊഴിൽ ലഭിച്ചത്‌. അവർക്ക്‌ ശരാശരി 47 ദിവസമാണ്‌ തൊഴിൽ കിട്ടിയത്‌. 100 തൊഴിൽ ദിനങ്ങൾ ലഭിച്ചത്‌ കേവലം അഞ്ച്‌ ശതമാനത്തിനാണ്‌. കൂലി അതതു സമയങ്ങളിൽ നൽകുന്നുമില്ല.

എൻഎംഎംഎസ്‌ മൊബൈൽ ആപ്‌, പണിയായുധങ്ങളുടെ വാടക നിർത്തലാക്കൽ, ഒരേസമയം ഒരു പഞ്ചായത്തിൽ 20 പ്രവൃത്തിയേ പടുള്ളൂവെന്ന വ്യവസ്ഥ എന്നിവയെല്ലാം കൊണ്ടുവന്നത്‌ പദ്ധതി ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ്‌. കേരളത്തിലെ തൊഴിലുറപ്പ്‌ തൊഴിലാളികൾ ഒറ്റക്കെട്ടായി ഉയർത്തിയ പ്രതിഷേധവും സംസ്ഥാന സർക്കാരിന്റെ നിരന്തര ഇടപെടലുംകൊണ്ടാണ്‌ പല വ്യവസ്ഥകളും റദ്ദാക്കാനായത്‌.

രാജ്യത്ത്‌ തൊഴിലാളികൾ വർധിക്കുകയും ഗ്രാമീണ ദാരിദ്ര്യം കൂടുകയും ചെയുമ്പോഴാണ്‌ അവർക്കുള്ള നീക്കിയിരിപ്പ്‌ കേന്ദ്രം വെട്ടിച്ചുരുക്കുന്നതെന്ന്‌ എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്‌ രാജേന്ദ്രൻ പറഞ്ഞു. ജീവിക്കാനായി തൊഴിൽ ചെയ്യാനുള്ള അവകാശം പാവപ്പെട്ട ജനതയ്‌ക്ക്‌ നിഷേധിക്കുമ്പോൾ വൻകിട കോർപറേറ്റുകളെ പരിധിയില്ലാതെ സഹായിക്കുകയാണ്‌ കേന്ദ്ര സർക്കാരെന്നും അദ്ദേഹം പറഞ്ഞു.

Related posts

6 മാസത്തിനുള്ളിൽ തകർന്ന റോഡുകളിൽ വിജിലൻസ് പരിശോധന

Aswathi Kottiyoor

ആശ്വാസമായി ഹൃദ്യം പദ്ധതി; ഇതുവരെ പൂർത്തിയായത് 5805 ഹൃദയ ശസ്ത്രക്രിയകൾ

രാജ്യത്ത്​ അന്താരാഷ്​ട്ര യാത്രാ വിമാന നിയന്ത്രണം മാര്‍ച്ച്‌​ 31 വരെ നീട്ടി

Aswathi Kottiyoor
WordPress Image Lightbox