27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • 6 മാസത്തിനുള്ളിൽ തകർന്ന റോഡുകളിൽ വിജിലൻസ് പരിശോധന
Kerala

6 മാസത്തിനുള്ളിൽ തകർന്ന റോഡുകളിൽ വിജിലൻസ് പരിശോധന

നിർമാണം പൂർത്തിയായി ആറുമാസം തികയുംമുമ്പ് തകർന്ന റോഡുകളിൽ വിജിലൻസ് പരിശോധന. ഓപറേഷൻ സരൾ രസ്തയുടെ ഭാഗമായി വിജിലൻസ് ഉത്തരമേഖലാ എസ്‌പി പി സി സജീവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഭൂരിഭാഗം റോഡുകളിലും നിർമാണത്തിൽ ക്രമക്കേട് നടന്നതായി കണ്ടെത്തി.
കടമ്പൂർ, കണ്ണപുരം, പാപ്പിനിശേരി, പെരളശേരി പഞ്ചായത്തുകളിലും കൂത്തുപറമ്പ് നഗരസഭയിലുമായിരുന്നു പരിശോധന. അഞ്ച് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധനക്ക് ഡിവൈഎസ്‌സി ബാബു പെരിങ്ങേത്ത്, ഇൻസ്പെക്ടർമാരായ കെ വി പ്രമോദൻ, പി ആർ മനോജ്, ഷാജി പട്ടേരി, ജോഷി എന്നിവർ നേതൃത്വം നൽകി. റോഡിലെ ടാറിങ്‌ പരിശോധനക്ക് അയക്കുന്നതിന് കോർ കട്ടിങ് മെഷീൻ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു പരിശോധന. മിക്ക റോഡുകളിലും കൃത്യമായ അളവിൽ ടാർ, മെറ്റൽ തുടങ്ങിയവ ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി. ഓഫീസിലെ രേഖകളിൽ പറയുന്ന അളവിലും പലയിടത്തും റോഡ് ടാർ ചെയ്തിട്ടില്ലെന്നും കണ്ടെത്തി. പണി നടക്കുമ്പോൾ ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടാവണമെന്നാണ് നിയമമെങ്കിലും പലയിടത്തും ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്നും റോഡ് തകർന്നിട്ടും ബിൽ അനുവദിക്കാൻ കൂട്ടുനിന്നതായും വ്യക്തമായിട്ടുണ്ട്.
കടമ്പൂർ പഞ്ചായത്തിൽ കടമ്പൂർ ഹൈസ്കൂൾ മമ്മാക്കുന്ന് റോഡിൽ ഡിവൈഎസ്‌സി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ മെയ്‌ മാസം ടാർ ചെയ്ത റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. രേഖകളിൽ പറയുന്ന വീതിയിൽ പലയിടത്തും റോഡ് ടാറിങ് നടത്തിയിട്ടില്ലെന്നും കണ്ടെത്തി. ഒരു വ്യക്തിയുടെ വീടിന്റെ പരിസരത്ത് അനധികൃതമായി ടാറിങ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
ഉദ്യോഗസ്ഥർ ടാറിങ് നടക്കുമ്പോൾ സ്ഥലത്തില്ലായിരുന്നുവെന്നും ടാറിങ് സമയത്തുതന്നെ ക്രമക്കേട് ശ്രദ്ധയിൽ പെടുത്തിയിരുന്നെന്നും നാട്ടുകാർ വിജിലൻസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. എസ്ഐ പങ്കജാക്ഷൻ, എഎസ്ഐമാരായ നിജേഷ്, നാരായണൻ, പിഡബ്ല്യുഡി ഉദ്യോഗസ്ഥരായ രാം കിഷോർ, സുരേഷ് ബാബു എന്നിവരും പരിശോധനാ സംഘത്തിലുണ്ടായി.

Related posts

കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യുഎച്ച്ഒ പ്രതിനിധി

Aswathi Kottiyoor

ലൈസൻസിനും വാഹന രജിസ്‌ട്രേഷനും ആധാർ നിർബന്ധമാക്കുന്നു…………..

Aswathi Kottiyoor

വീസയില്ലാതെ 57 രാജ്യങ്ങൾ സന്ദർശിക്കാം; ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ നില മെച്ചപ്പെടുത്തി ഇന്ത്യ

Aswathi Kottiyoor
WordPress Image Lightbox