23.8 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • ഇന്ദിര നമ്മഗെല്ലാ നിഡിദ്ദാരെ’: സദസ്സിലേക്കിറങ്ങി ചേർത്തുപിടിച്ച് പ്രിയങ്ക; കണ്ണുനിറഞ്ഞ് തിമ്മമ്മ
Uncategorized

ഇന്ദിര നമ്മഗെല്ലാ നിഡിദ്ദാരെ’: സദസ്സിലേക്കിറങ്ങി ചേർത്തുപിടിച്ച് പ്രിയങ്ക; കണ്ണുനിറഞ്ഞ് തിമ്മമ്മ


ചോദ്യം ചോദിക്കാനാണ് 78 വയസ്സുകാരി തിമ്മമ്മയ്ക്കു മൈക്ക് കൊടുത്തത്. വന്നതു ചോദ്യമല്ല; ആവേശം കൊണ്ടു പുറത്തുചാടിയത് ഉത്തരം. ‘‘ഇന്ദിരാ ഗാന്ധി നമ്മഗെല്ലാ നിഡിദ്ദാരെ’’. വേദിയിൽ നിന്നവർ പ്രിയങ്കയ്ക്ക് അർഥം പറഞ്ഞുകൊടുത്തു; ഇന്ദിരാ ഗാന്ധിയാണു ഞങ്ങൾക്കെല്ലാം തന്നത്.

ഗാന്ധികുടുംബത്തോടുള്ള സ്നേഹവും ആവേശവും നിറഞ്ഞ ആ വാക്കുകൾക്കു മുന്നിൽ ഉത്തരം കിട്ടാതെ ഒരുനിമിഷം പ്രിയങ്ക വേദിയിൽ തിമ്മമ്മയെത്തന്നെ നോക്കി നിന്നു. പിന്നെ ഇറങ്ങി തിമ്മമ്മയുടെ അരികിലേക്കു നടന്നു. പ്രിയങ്ക ചേർത്തുപിടിച്ച ആ നിമിഷം തിമ്മമ്മയുടെ കണ്ണുനിറഞ്ഞു. കരിമ്പിൻപാടത്തു പണിയെടുത്തു തഴമ്പിച്ച കൈവിരലുകൾ പ്രിയങ്കയുടെ കവിളിലോടിച്ച് അവർ പറഞ്ഞു: ‘‘നിവു ഇന്ദിരാജിയന്തെ കാണുത്തിരി’’ (നീ ഇന്ദിരാജിയെപ്പോലെ തന്നെയുണ്ട്). പ്രിയങ്ക കെട്ടിപ്പുണർന്ന് തിമ്മമ്മയുടെ കവിളിൽ ഉമ്മ കൊടുത്തു.

ചാമരാജനഗർ ജില്ലയിലെ ഹന്നൂരിൽ പ്രചാരണത്തിനിടെ സ്ത്രീകളോട് ആശയവിനിമയം നടത്താനെത്തിയതായിരുന്നു പ്രിയങ്ക. മൈസൂര്‍ മേഖലയുടെ പ്രചാരണ ചുമതലയുള്ള കോണ്‍ഗ്രസ് എംഎല്‍എ റോജി എം. ജോണ്‍ പ്രിയങ്കയ്ക്ക് ഒപ്പമുണ്ടായിരുന്നു. ഇന്ദിരാ ഗാന്ധി 1978 ൽ കർണാടകയിലെ ചിക്കമഗളൂരുവിൽനിന്ന് എംപിയാകുമ്പോൾ പ്രിയങ്കയ്ക്ക് പ്രായം 6 വയസ്സ്. ആ മകൾ കൺമുന്നിലെത്തിയതിന്റെ ആഹ്ലാദം നിറഞ്ഞ സ്ത്രീസദസ്സായിരുന്നു ഹന്നൂരിൽ. സോണിയ ഗാന്ധിയും കർണാടകയിലെ ബെള്ളാരിയിൽനിന്ന് ലോക്സഭയിലെത്തിയിട്ടുണ്ട്; 1999 ൽ.

മൈക്കിലൂടെ തിമ്മമ്മ ചോദിച്ചു. ഞങ്ങൾക്ക് നല്ല ആശുപത്രിയില്ല. റോഡില്ല. ഞങ്ങൾ എന്തു ചെയ്യണം?

∙ നിങ്ങൾ ഒരു കാര്യം ചെയ്യൂ. കോൺഗ്രസിനെ കർണാടകയിൽ അധികാരത്തിലെത്തിക്കൂ. ഇത് നിങ്ങളുടെ കുട്ടികൾക്കു വേണ്ടിയുള്ള വോട്ടാണ്.

അടുത്ത ചോദ്യം: തോക്കരെ ആദിവാസിഗ്രാമത്തിലെ പത്മമ്മയുടേത്. ഗ്രാമത്തിൽ ഇതുവരെ കറന്റില്ല. നല്ല റോഡില്ല. സ്കൂളില്ല. ഞങ്ങൾക്ക് ഇതെല്ലാം വേണം.

∙ ഒരു കാര്യം ഞാൻ ഉറപ്പുതരുന്നു. ഞങ്ങൾ അധികാരത്തിൽ വന്നാലും ഇല്ലെങ്കിലും ‍ഞങ്ങൾ നിങ്ങളുടെ ഗ്രാമത്തിലെത്തും. പ്രശ്നം പരിഹരിച്ചിരിക്കും. (പ്രിയങ്ക വേദിയിൽ നിന്ന സെക്രട്ടറിയെ വിളിച്ചു. പത്മമ്മയുടെ വിവരങ്ങൾ എഴുതിയെടുക്കാൻ നിർദേശിച്ചു.)

ഇനി പ്രിയങ്കയുടെ ചോദ്യങ്ങളായിരുന്നു. ഞാൻ പ്രിയങ്ക ഗാന്ധി. നിങ്ങളുടെ മുന്നിൽ നിന്നു പ്രസംഗിക്കുന്നു. നിങ്ങൾ എന്നെ വിശ്വസിക്കുന്നുണ്ടോ?

∙ ഉണ്ട് (ആരവം).

അത് എന്തുകൊണ്ടാണെന്നു നിങ്ങൾക്ക് അറിയാമോ?. എന്റെ മുതുമുത്തച്ഛൻ ജവാഹർലാൽ നെഹ്റുവും മുത്തശ്ശി ഇന്ദിരാ ഗാന്ധിയും നിങ്ങൾക്കു നൽകിയ വാക്കുകൾ പാലിച്ചിട്ടുണ്ട്. നിങ്ങൾക്ക് അവരെ വിശ്വാസമാണ്. എന്നെയും കോൺഗ്രസിനെയും നിങ്ങൾക്ക് അതുപോലെ വിശ്വസിക്കാം.

മറുപടി നിറഞ്ഞ കയ്യടി. കോൺഗ്രസിന്റെ 4 ഗാരന്റി വാഗ്ദാനങ്ങൾ പ്രിയങ്ക ആവർത്തിച്ചു.

പ്രിയങ്ക അടുത്ത ചോദ്യം ചോദിച്ചു: ഒന്നരലക്ഷം കോടി എന്നു കേട്ടിട്ടുണ്ടോ? അതിന് എത്രപൂജ്യമുണ്ടെന്നറിയാമോ?

മറുപടി മൗനം.

പ്രിയങ്ക തുടർന്നു: ഒരു പക്ഷേ നിങ്ങൾക്ക് എണ്ണാൻ കഴിയാത്തത്ര പൂജ്യമുണ്ടാകും. അത്രയും കോടി രൂപയാണ് ബിജെപി ഈ രാജ്യത്തുനിന്നു കവർന്നത്. അത്രയും പണമുണ്ടെങ്കിൽ 100 എയിംസ് ആശുപത്രികൾ പണിയാമായിരുന്നു. 1000 ഇഎസ്ഐ ആശുപത്രി പണിയാമായിരുന്നു. 3 ലക്ഷം വീടുകൾ നിങ്ങൾക്കായി പണിയാമായിരുന്നു. ആ പണമെല്ലാം കവർന്ന് അവർ അംബാനിക്കും അദാനിക്കും കൊടുത്തു. ഈ തിരഞ്ഞെടുപ്പിൽ നിങ്ങൾ മറുപടി കൊടുക്കണം.

ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാർ ആഹ്വാനത്തെയും പ്രിയങ്ക വിമർശിച്ചു. ഡബിൾ എൻജിൻ സർക്കാർ എന്നാൽ അവശ്യസാധനങ്ങളുടെ വില ഡബിൾ ആക്കുന്ന സർക്കാർ എന്നാണ് അർഥം. അതു വേണോ?

വേണ്ട എന്നു മഹിളകൾ ഒരേസ്വരത്തിൽ പറഞ്ഞു.

പ്രിയങ്ക ഗാന്ധിയെ കാണുമ്പോൾ വാരിപ്പുണരുകയാണ് കന്ന‍ഡ ഗ്രാമങ്ങൾ. അവരുടെ ഓരോ വാക്കിനും കയ്യടിക്കുന്നു. ആവേശത്തോടെ പ്രതികരിക്കുന്നു. ഒന്നു കാണാൻ, തൊടാൻ ഓടിയെത്തുന്നു. അവരുടെ സ്നേഹക്കൂട്ടിൽനിന്നു പ്രിയങ്കയെ പുറത്തെത്തിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ പാടുപെട്ടു.

മുടിയിലെ മുൻനിരയിൽ നടുക്ക്, ചാഞ്ഞുകിടന്ന ആ ‘നരപ്പാട്’ ഒഴിച്ചുനിർത്തിയാൽ പ്രിയങ്ക ഇവർക്ക് ഇന്ദിരതന്നെ!. കന്നഡയിൽ പ്രീതിയാ നായകി പ്രിയങ്ക!

Related posts

ഭാര്യക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ് ഭര്‍ത്താവ് മരിച്ചു

Aswathi Kottiyoor

റോഡ് ക്യാമറ കരാർ: അന്വേഷണ റിപ്പോർട്ട് ഈയാഴ്ച; മുഖവിലയ്ക്കെടുക്കാതെ പ്രതിപക്ഷം

പേരാവൂരിൽ പലചരക്ക് കടയിൽ മോഷണ ശ്രമം

Aswathi Kottiyoor
WordPress Image Lightbox