ഹരാരെ: ആറുവർഷത്തെ ഇടവേളയ്‌ക്കുശേഷം ഇന്ത്യ സിംബാബ്‌വെയിൽ. മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഹരാരെ സ്‌പോർട്‌സ് ക്ലബ് സ്‌റ്റേഡിയത്തിൽ ഇന്ന് തുടക്കമാകും. പകൽ 12.45നാണ് മത്സരം. 2016ൽ മഹേന്ദ്രസിങ് ധോണിക്കുകീഴിലാണ് ഇന്ത്യ അവസാനമായി സിംബാബ്‌വെയിൽ കളിച്ചത്. 3–-0ന് സമ്പൂർണ ജയമായിരുന്നു. ആ പരമ്പരയിൽ റൺവേട്ടക്കാരിൽ ഒന്നാമനായ ലോകേഷ് രാഹുലാണ് ഇത്തവണ ഇന്ത്യയെ നയിക്കുന്നത്. പരിക്കും കോവിഡും കാരണം രണ്ടുമാസം പുറത്തായിരുന്നു മുപ്പതുകാരൻ. രോഹിത് ശർമ, വിരാട് കോഹ്‌ലി, ജസ്‌പ്രീത് ബുമ്ര തുടങ്ങിയ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ എത്തുന്നത്. ശിഖർ ധവാനെയായിരുന്നു ആദ്യം ക്യാപ്‌റ്റനായി പ്രഖ്യാപിച്ചത്. എന്നാൽ, ശാരീരികക്ഷമത വീണ്ടെടുത്ത രാഹുലിനെ പിന്നീട് ചുമതലയേൽപ്പിച്ചു. പുതുനിരയാണ് ടീമിന്.
കഴിഞ്ഞ കാലങ്ങളിൽ തുടരുന്ന പരീക്ഷണം സിംബാബ്‌വെക്കെതിരെയും ആവർത്തിച്ചു. സൂര്യകുമാർ യാദവും ശ്രേയസ് അയ്യരും ഇല്ല. സഞ്ജു സാംസണും ദീപക് ഹൂഡയുമാണ് മധ്യനിര ബാറ്റിങ് നയിക്കുക. ധവാനൊപ്പം ശുഭ്‌മാൻ ഗില്ലാകും ഓപ്പണർ. രാഹുൽ മൂന്നാമതോ നാലാമതോ ആകും. മുഹമ്മദ് സിറാജ് പേസ്‌നിരയുടെ കരുത്താകും.
ബംഗ്ലാദേശിനെതിരെ ട്വന്റി–-20, ഏകദിന പരമ്പര ജയിച്ചാണ് റെഗിസ് ചകബ്വയുടെ സിംബാബ്‌വെ എത്തുന്നത്. സിക്കന്ദർ റാസയാണ് ബാറ്റിങ്ങിൽ പ്രതീക്ഷ. പന്തിൽ ലൂക്ക് ജോങ്‌വെയിലും. ക്രെയ്‌ഗ് ഇർവിൻ, വെല്ലിങ്‌ടൺ മസാകദ്‌സ, ബ്ലെസ്സിങ് മുസർബാനി എന്നിവർ പരിക്കേറ്റ് പുറത്തായതാണ് അവരെ ക്ഷീണിപ്പിക്കുന്നത്.ഇന്ത്യ: ശിഖർ ധവാൻ, ശുഭ്‌മാൻ ഗിൽ, ഋതുരാജ് ഗെയ്‌ക്ക്‌വാദ്, കെ എൽ രാഹുൽ (ക്യാപ്‌റ്റൻ), സഞ്ജു സാംസൺ, ദീപക് ഹൂഡ, അക്‌സർ പട്ടേൽ, ശാർദൂൽ ഠാക്കൂർ/ദീപക് ചഹാർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ/ആവേശ് ഖാൻ. സിംബാബ്‌വെ: താകുൻഡ്വൻഷെ കയ്‌റ്റാനോ, താഡ്വിയാൻഷെ മരുമാനി, ഇന്നസെന്റ് കയിയ, വെസ്‌ലി മദെവ്‌ർ, സിക്കന്തർ റാസ, റെഗിസ് ചകബ്വ (ക്യാപ്‌റ്റൻ), റ്യാൻ ബേൾ, ലൂക്ക് ജോങ്‌വെ, ബ്രാഡ് ഇവാൻസ്, വിക്ടർ ന്യയൂച്ചി, ടനക ചിവാൻഗ.