Uncategorized

വീട്ടമ്മയുടെ കിടപ്പുസമരം ഫലം കണ്ടു; അനധികൃത ലേബര്‍ ക്യാംപ് പൊളിച്ചു നീക്കി

കാക്കനാട്: സ്വകാര്യ വ്യക്തി അനധികൃതമായി നിര്‍മിച്ച് അതിഥിത്തൊഴിലാളികള്‍ക്ക് വാടകയ്ക്കു നല്‍കിയ ചേരിയില്‍ നിന്നുള്ള സെപ്റ്റിക് മാലിന്യം മൂലം ദുരിതത്തിലായ അടുക്കത്ത് ലൈനില്‍ രാജമ്മ ബാബുവിന്‍റെ ഒറ്റയാള്‍ സമരം ഫലം കണ്ടു.

കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച മുറികളും ടോയ്‌ലെറ്റുകളും തൃക്കാക്കര നഗരസഭാ ആരോഗ്യ പൊതുമരാമത്ത് ജീവനക്കാര്‍ ചേര്‍ന്ന് ബുധനാഴ്ച പൊളിച്ചുനീക്കി. ആറേഴു മാസമായി വീട്ടമ്മ പരാതിയുമായി തൃക്കാക്കര നഗരസഭയില്‍ കയറിയിറങ്ങിയിട്ടും പരിഹാരം ഇല്ലാതായതോടെ തിങ്കളാഴ്ച രാവിലെ പായയും തലയിണയുമായി നഗരസഭാ കവാടത്തിലെത്തി പായ വിരിച്ചു കിടക്കുകയായിരുന്നു.

പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ നാലു മാസം മുമ്പ് പൊതുമരാമത്തു വിഭാഗം ഓവര്‍സിയര്‍ക്കു നഗരസഭാധ്യക്ഷന്‍ നിര്‍ദേശം നല്‍കിയെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ ഉദ്യോഗസ്ഥന്‍ നടപടിയെടുത്തില്ല. ഇതേ തുടര്‍ന്നാണ് വീട്ടമ്മ കിടപ്പു സമരവുമായി രംഗത്തുവന്നത്. ബുധനാഴ്ച അനധികൃത നിര്‍മ്മാണം പൊളിച്ചുനീക്കാമെന്ന് വീട്ടമ്മയ്ക്ക് ചെയര്‍പേഴ്‌സണ്‍ റാഷിദ് ഉള്ളംപിള്ളി ഉറപ്പു നല്‍കിയിരുന്നു.

ബുധനാഴ്ച ജെസിബി ഉപയോഗിച്ച് ഉദ്യോഗസ്ഥർ അനധികൃത നിര്‍മാണം പൊളിച്ചുനീക്കുകയായിരുന്നു. കെട്ടിട നമ്പര്‍ ഇല്ലാത്ത അനധികൃത നിര്‍മാണങ്ങളിന്‍ പലതും നിലനിര്‍ത്തിയാണ് മുറികള്‍ പൊളിച്ചതെന്ന് രാജമ്മ ബാബു പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button