Uncategorized

പ്രിയദർശിനി പദ്ധതി: വിദഗ്‌ധ സമിതി നാളെ റിപ്പോർട്ട് സമർപ്പിക്കും; സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്താൻ ശിപാർശകൾ

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി നാളെ സർക്കാരിന് റിപ്പോർട്ട് കൈമാറും. മുൻ ഡിജിപി കെ. പത്മകുമാർ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അൻപതാം ദിവസമാണ് റിപ്പോർട്ട് നൽകുന്നത്. സ്വകാര്യ ബസുകളുടെ നഷ്ടം നികത്താൻ പ്രത്യേക ഇൻസെന്റീവ് നൽകണമെന്ന ശിപാർശ റിപ്പോർട്ടിലുള്ളതായാണ് സൂചന.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം നടപ്പിലാക്കിയ കെഎസ്ആർടിസി സ്ത്രീ സൗജന്യ യാത്ര പദ്ധതി പ്രിയദർശിനി സ്വകാര്യ ബസ് വ്യവസായത്തെ ബാധിച്ചു. ബസുടമകൾ പ്രതിഷേധം കടുപ്പിച്ചപ്പോഴാണ് അഞ്ചംഗ വിദഗ്‌ധസമിതിയെ ഗതാഗത വകുപ്പ് നിയോഗിച്ചത്. ബസ് ഉടമകൾപറയുന്നതിനപ്പുറം യഥാർത്ഥ സാമ്പത്തിക നഷ്ടം പഠിക്കുകയായിരുന്നു ലക്ഷ്യം. തിരുവനന്തപുരം എറണാകുളം കോഴിക്കോട് മേഖലകളിൽ വിദഗ്‌ധസമിതി സിറ്റിംഗ് നടത്തി. ബസുടമകൾക്ക് പറയാനുള്ളത് കേട്ടു. സ്വകാര്യ ബസ്സുകളിലും സ്ത്രീ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കി കെഎസ്ആർടിസിക്ക് നൽകുന്നതുപോലെ സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് ബസ് ഉടമകൾ സമിതിയെ അറിയിച്ചു.

ബസ് നിരക്കും, വിദ്യാർത്ഥി കൺസഷനും വർധിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. കാര്യമായ സാമ്പത്തിക സഹായം ഉൾപ്പെടുത്തില്ലെങ്കിലും ചെറിയ സഹായം നൽകണമെന്ന ശിപാർശ റിപ്പോർട്ടിലുണ്ടാവും. വിദഗ്‌ധസമിതിയെനിയോഗിച്ച് അൻപതാം ദിവസമാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. സെപ്റ്റംബർ 30 വരെയുള്ള ത്രൈമാസക്കാലയളവിലെ നികുതി സ്വകാര്യ ഉടമകൾ അടച്ചിട്ടുണ്ട്. റിപ്പോർട്ട് വന്നശേഷം സർക്കാർ നിലപാട് അനുസരിച്ച് തുടർ തീരുമാനം എടുക്കുമെന്നാണ് ബസ്സുടമകൾ അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button