24 മണിക്കൂറിനുള്ളിൽ കൊലക്കേസിന്റെ ചുരുളഴിച്ച് കോയിപ്പുറം പൊലീസ്

75 വയസുള്ള പൊന്നമ്മ തോമസ് എന്ന വയോധികയുടെ മൃതശരീരം കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു എന്ന് ചൊവ്വാഴ്ച പൊലീസിന് ലഭിച്ച ഒരു അജ്ഞാത ഫോൺ സന്ദേശത്തിൽ നിന്നാണ് സംഭവ പരമ്പരകളുടെ തുടക്കം. ഫോൺ സന്ദേശം ലഭിച്ച ഉടനെ ആശുപത്രിയിലെത്തി മൃതശരീരം കണ്ട കോയിപ്പുറം എസ് ഐ പങ്കജ് കൃഷ്ണ, കോയിപ്പുറത്തിന്റെ ചാർജ് ഉള്ള കീഴ്വായ്പൂർ സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ ജി, എന്നിവർക്ക് ആദ്യം തന്നെ മൃതദേഹത്തിൽ ചില അസ്വാഭാവികകൾ തോന്നി.
വിവരങ്ങൾ ഒട്ടും താമസിയാതെ തിരുവല്ല ഡിവൈഎസ്പി സന്തോഷ് പിആറിനെയും ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് ഐപിഎസിനെയും അറിയിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ഉടൻതന്നെ ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തിരുവല്ല ഡിവൈഎസ്പി സന്തോഷിന് ആയിരുന്നു മേൽനോട്ട ചുമതല. സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ ജി, എസ്ഐ പങ്കജ് വി കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടികൾ കൃത്യതയോടെ പൂർത്തിയാക്കി. കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് പൊലീസ് സർജൻ ഡോക്ടർ അശ്വതി ആയിരുന്നു പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം പരിശോധനയിൽ ലഭിച്ച വിവരങ്ങൾ കേസിൽ വളരെ നിർണായകമായി. മൃതദേഹം ഇൻക്വസ്റ്റ് പരിശോധന നടത്തിയ വേളയിൽ തന്നെ ഇത് ഒരു കൊലപാതമാകാനുള്ള സാധ്യതയുണ്ട് എന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസിലായി. അസ്വാഭാവിക ഭരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത് എങ്കിലും, സംശയങ്ങളും ലഭിച്ച തെളിവുകളും ഏകദേശം സാമ്യമുള്ളവ ആയിരുന്നു.
മരണപ്പെട്ട പൊന്നമ്മ തോമസിനോട് ഒപ്പം താമസിച്ചിരുന്ന മകൻ ടിജോ തോമസ് (37) ലേക്ക് അന്വേഷണം എത്തിച്ചേർന്നു. ഇയാളോടൊപ്പം താമസിച്ചിരുന്ന കൊല്ലം കാവനാട് സ്വദേശി റിൻസി മോൾ (37) നെയും കൂടുതൽ ചോദ്യം ചെയ്തപ്പോൾ ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങളാണ് ലഭിച്ചത്.
ടിജോ തോമസ് ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. ആറുമാസത്തിലധികമായി റിൻസി മോൾ ഇയാളോടൊപ്പം ആണ് താമസിക്കുന്നത്. ഇവർ തമ്മിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടന്ന വഴക്കിനിടെ തടസം പിടിക്കാൻ എത്തിയ ടിജോയുടെ അമ്മ പൊന്നമ്മ തോമസിനെ ടിജോ നെഞ്ചിൽ തൊഴിക്കുകയും ശ്വാസംമുട്ടിക്കുകയും ശരീരമാസകലം ഇടിക്കുകയും ചെയ്ത് കൊലപ്പെടുത്തിയതാണ് എന്ന വിവരം വെളിവായത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം രണ്ട് പ്രതികളെയും വിശദമായി ചോദ്യം ചെയ്തതിൽ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. അങ്ങനെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ തിരുവല്ല ഡിവൈഎസ്പി സന്തോഷ്, സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ ജി, എസ്ഐ പങ്കജ് വി കൃഷ്ണ എന്നിവരുടെ അന്വേഷണ മികവിൽ ഒരു സാധാരണ അസ്വാഭാവിക മരണം മാത്രമായിപ്പോകുമായിരുന്ന ഒരു കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
സ്വന്തം അമ്മയെ ചവിട്ടിയും ഇടിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ കേസിൽ ടിജോ തോമസ് (37) ഇയാളോടൊപ്പം താമസിച്ചു വന്നിരുന്ന കൊല്ലം ജില്ലയിൽ ശക്തികുളങ്ങര കാവനാട് സ്വദേശി കിണറുവിള വടക്കേതിൽ വീട്ടിൽ റിൻസി മോൾ (37) എന്നിവരെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
എ സ് സി പി ഒമാരായ ഷെബാന അഹമ്മദ്, സുരേഷ്, വിപിൻരാജ്, അഭിലാഷ് സിരിഒമാരായ മനൂപ്, അനന്തു, രഞ്ജിത്, സുജിത്ത് എന്നിവരും അടങ്ങുന്നതായിരുന്നു അന്വേഷണസംഘം. വളരെ മികച്ച രീതിയിൽ അന്വേഷണം നടത്തുകയും വളരെ വേഗം പ്രതികളെ കണ്ടെത്തുകയും ചെയ്ത അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി അഭിനന്ദിച്ചു.




