Uncategorized

ഗുരുഗ്രാം ബൈക്ക് അപകടക്കേസിൽ വധശ്രമക്കുറ്റം ചുമത്തി; മുഖ്യപ്രതി രാജസ്ഥാനിൽ അറസ്റ്റിൽ

ഗുരുഗ്രാം: ഹരിയാണ ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിൽ യുവതി സഞ്ചരിച്ചിരുന്ന സ്പോർട്സ് ബൈക്കിൽ കാറിടിപ്പിച്ച സംഭവത്തിലെ മുഖ്യപ്രതി കല്യാൺ ബൈൻസ്ലയെ പോലീസ് രാജസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ബി.എൻ.എസ് 125, 281 (അശ്രദ്ധമായ ഡ്രൈവിങ്) എന്നീ വകുപ്പുകൾ പ്രകാരമാണ് തിങ്കളാഴ്ച എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെ ഗുരുഗ്രാം പോലീസ് കേസിൽ വധശ്രമത്തിനുള്ള ബി.എൻ.എസ് 109-ാം വകുപ്പ് കൂടി കൂട്ടിച്ചേർക്കുകയായിരുന്നു.

ഡൽഹി സ്വദേശിയായ സിയ എന്ന യുവതി ഓടിച്ച ബൈക്കിലേക്ക് പ്രതിയുടെ കാർ ഇടിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഞായറാഴ്‌ച പുലർച്ചെ സിയ തന്റെ സ്പോർട്‌സ് ബൈക്കിൽ മറ്റ് റൈഡർമാർക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം നടന്നത്. പ്രതി സഞ്ചരിച്ചിരുന്ന കാർ ഗോൾഫ് കോഴ്സ് റോഡിൽ വെച്ച് തങ്ങളെ പിന്തുടരുകയും അപകടകരമായ രീതിയിൽ അടുപ്പിച്ച് ഓടിച്ച് വാഹനം നിർത്താൻ ആംഗ്യം കാണിക്കുകയും ചെയ്തതായി സിയ ആരോപിക്കുന്നു. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നുവെന്നും തങ്ങൾ പരമാവധി ദൂരം പാലിക്കാൻ ശ്രമിച്ചെങ്കിലും അവർ മനഃപൂർവ്വം കാർ ബൈക്കിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നും സിയ ആരോപിച്ചു.

തന്റെ സുഹൃത്ത് കാർ അടുക്കാതിരിക്കാൻ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കാർ ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ സിയ പറഞ്ഞു. ഈ അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഗുരുഗ്രാം പോലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. ബൈക്കിൽ ഇടിച്ചശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് വേഗത്തിൽ കാർ ഓടിച്ചു പോവുകയായിരുന്നുവെന്നും സിയ കുറ്റപ്പെടുത്തി.

അതേസമയം, അപകടം മനഃപൂർവം ചെയ്തതല്ലെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നുമാണ് പ്രതി കല്യാൺ ബൈൻസ്ലയുടെ വാദം. താൻ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നുവെന്നും യുവതിയോട് വേഗത കുറയ്ക്കാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നും ഇയാൾ അവകാശപ്പെട്ടു. ഒരു യു-ടേണിന് സമീപം കണ്ണാടി നോക്കാതെ ബൈക്ക് വെട്ടിച്ചപ്പോൾ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. ആൾക്കൂട്ട ആക്രമണം ഭയന്നാണ് അപകടസ്ഥലത്ത് നിർത്താതെ പോയതെന്നും പിന്നീട് പ്രതി എ.എൻ.ഐയോട് പ്രതികരിച്ചു.

എന്നാൽ, കേസിൽ പ്രതിഭാഗം അഭിഭാഷകൻ യുവതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. സോഷ്യൽ മീഡിയയിൽ ഫോളോവേഴ്‌സിനെയും വ്യൂസിനെയും കൂട്ടാൻവേണ്ടി നടത്തിയ പബ്ലിസിറ്റി സ്റ്റണ്ട് ആണ് ഇതെന്ന് അഭിഭാഷകൻ ആരോപിച്ചു. പൊതുറോഡിൽ മണിക്കൂറിൽ 140 മുതൽ 170 കിലോമീറ്റർവരെ വേഗതയിലാണ് യുവതി ബൈക്ക് ഓടിച്ചതെന്നും റോഡ് സ്റ്റണ്ടുകൾ ചെയ്യാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. കാറിലുണ്ടായിരുന്നവർ ഡൽഹിയിലെ ബന്ധുവീട്ടിൽ നിന്ന് മടങ്ങുകയായിരുന്നെന്നും ബൈക്ക് ഫുട്പാത്തിലേക്ക് കയറാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്നും അഭിഭാഷകൻ വാദിച്ചു.

പ്രതിയുടെ വാദങ്ങളെ തള്ളിക്കളഞ്ഞ സിയയും കുടുംബവും കർശന നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചു. പ്രതി എന്തുകൊണ്ട് അപകടസമയത്ത് വാഹനം നിർത്തി സഹായിക്കാൻ തയ്യാറായില്ലെന്ന് സിയ രണ്ടാമത്തെ വീഡിയോയിൽ ചോദിച്ചു. സംഭവത്തിനുശേഷം തന്റെ സഹോദരി വലിയ മാനസിക ആഘാതത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കാറിലുണ്ടായിരുന്ന നാലുപേരും മദ്യപിച്ചിരുന്നതായും സിയയുടെ സഹോദരൻ വെളിപ്പെടുത്തി. ഇത് സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന വിഷയമാണെന്നും കർശന ശിക്ഷ ഉറപ്പാക്കണമെന്നും സിയയുടെ പിതാവും ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button