പാകിസ്ഥാനിൽ നിന്നെത്തിയ 362 മെട്രിക് ടൺ ഈന്തപ്പഴം പിടിച്ചെടുത്ത് ഡി ആർ ഐ

മുംബൈ : പാകിസ്ഥാനിൽ നിന്നെത്തിയ 362 മെട്രിക് ടണ്‍ ഈന്തപ്പഴം പിടികൂടി. യു എ ഇയിൽ നിന്നെന്ന വ്യാജേന മുംബൈയിൽ എത്തിച്ച ഈത്തപ്പഴമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പരിശോധനയിലൂടെ പിടികൂടിയത്. ഓപ്പറേഷൻ ഡീപ്പ് മാനിഫെസ്റ്റ്’ (Operation Deep Manifest) എന്ന പ്രത്യേക നടപടിയുടെ ഭാഗമായി നാസിക്കിലെ അംബാദിലുള്ള കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനിൽ വെച്ചാണ് മുംബൈ ആസ്ഥാനമായുള്ള കമ്പനി ഇറക്കുമതി ചെയ്ത 13 കണ്ടെയ്നറുകൾ പിടിച്ചെടുത്തത്.യു.എ.ഇയിൽ ഉത്പാദിപ്പിച്ചതെന്ന വ്യാജേനയാണ് ഈ ചരക്ക് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. എന്നാൽ, കറാച്ചി തുറമുഖത്ത് നിന്ന് പാകിസ്ഥാൻ ഉത്ഭവമായ ഈന്തപ്പഴം യു.എ.ഇയിലെ ജെബൽ അലി വഴി ഇന്ത്യയിലേക്ക് തിരിച്ചുവിടുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ജെബൽ അലിയിൽ വെച്ച് കണ്ടെയ്നറുകൾ മാറ്റുകയും മറ്റൊരു കപ്പൽ വഴി ഇന്ത്യയിലേക്ക് അയക്കുകയുമായിരുന്നു. പാകിസ്ഥാൻ പൗരന്മാരുമായി ബന്ധമുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഈ വഴിതിരിച്ചുവിടൽ നടത്തിയതെന്നാണ് ഡി.ആർ.ഐയുടെ സംശയം.
ഭീകരാക്രമണത്തെ തുടർന്ന് 2025 മെയ് 2 മുതൽ പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ നേരിട്ടുള്ളതോ അല്ലാത്തതോ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ചരക്കുകളുടെ വിവരങ്ങളിൽ കൃത്രിമം കാണിക്കുന്നതും വ്യാജരേഖകൾ നിർമ്മിച്ച് ഇറക്കുമതി നടത്തുന്നതുമായ ശൃംഖലകൾക്കെതിരെ ശക്തമായ നിരീക്ഷണം തുടരുകയാണെന്ന് ഡി.ആർ.ഐ അറിയിച്ചു




