CMRL കേസില്‍ പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം, പിണറായിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം: ഷോണ്‍ ജോര്‍ജ്

കോട്ടയം: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് നല്കിയ കത്തിലെ വിവരങ്ങള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം. പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് തന്നെ പിണറായി വിജയനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും ഷോണ്‍ ആവശ്യപ്പെട്ടു.
‘തട്ടിപ്പ് നടന്നെന്ന് മുഹമ്മദ് റിയാസ് സമ്മതിച്ചിട്ടുണ്ട്. ഭാവി ബിസിനസിനെ കുറിച്ച് വീണ പറഞ്ഞത് ശരിയാണെന്നാണ് റിയാസ് പറഞ്ഞത്. അതിനുള്ള പണം എവിടെ നിന്ന് വന്നെന്ന് പറയണം. റിയാസിന്റെ പ്രസ്താവനയില്‍ നിന്നും അനധികൃത സ്വത്ത് സമ്പാദനം നടന്നെന്ന് വായിച്ചെടുക്കാവുന്നതാണ്. തെരഞ്ഞെടുപ്പ് അഫിഡവിറ്റില്‍ സമര്‍പ്പിച്ചതിനേക്കാള്‍ കൂടുതല്‍ സ്വത്തുണ്ടെന്ന് അവര്‍ തന്നെ സമ്മതിച്ചു. ഇന്‍വോയ്സ് ഇല്ലാതെ കൈപ്പറ്റിയ പണത്തെയെങ്കിലും കൈക്കൂലി പണം എന്ന് വിളിക്കാനുള്ള അനവാദം പിണറായി വിജയന് നല്‍കണം’, ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.
എകെജി സെന്ററിന്റെ മേല്‍വിലാസത്തില്‍ കമ്പനി നടത്തിയത് അധികാര ദുര്‍വിനിയോഗമാണ്. മന്ത്രിമാരുടെ പെരുമാറ്റച്ചട്ടം പിണറായി ലംഘിച്ചു. സര്‍ക്കാരിന് ഓഹരിയുള്ള കമ്പനിയുമായി മുഖ്യമന്ത്രിയുടെ മകള്‍ കരാറില്‍ ഒപ്പിട്ടു. മന്ത്രിമാരുടെ ബന്ധുക്കള്‍ ഇത്തരത്തില്‍ ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞ ഷോണ്‍ ജോര്‍ജ്, അന്വേഷണത്തെ എന്തിനാണ് പേടിക്കുന്നതെന്നും ചോദിച്ചു. ഇടപാടുകൊണ്ട് സര്‍ക്കാരിന് നഷ്ടമുണ്ടായെന്ന് കൃത്യമായി മനസിലാകണമെങ്കില്‍ അന്വേഷണം നടക്കണം. വിശാല സമിതി റിയാസിനും പിണറായി വിജയനും എതിനെ നടപടി സ്വീകരിക്കണമെന്നും ഷോണ്‍ ആവശ്യപ്പെട്ടു.
’24 ജനുവരി 31 ആണ് എസ്എഫ്ഐഒ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത്. അതിന് ശേഷം ആണ് വിദേശത്തേക്ക് പണം കടത്തിയത്. അനധികൃതമായി സമ്പാദിച്ച പണം വിദേശത്തേക്ക് കടത്തുകയായിരുന്നു. മഞ്ഞയിലെ വിടുമ്പോള്‍ പച്ച ഇല ചിരിക്കും എന്ന് മുഖ്യമന്ത്രിയന്ന് പറഞ്ഞു. റിയാസിനെതിരെ വരുമ്പോള്‍ ലീഗ് ചിരിക്കുമെന്നും, ലീഗിനെതിരെ വൈകാതെ വരും എന്നുമാണ് അതിനര്‍ത്ഥം. കെ ടി ജലീല്‍ കഴിഞ്ഞ ദിവസം ഒരു പ്രസ്താവന നടത്തിയിരുന്നു. ലീഗുകാരുടെ വീട്ടില്‍ പരിശോധന നടത്തിയാല്‍ ഹവാല ഇടപാടുകളുടെ വിവരം ലഭിക്കുമെന്നാണ് അത്. പക്ഷേ മുഖ്യമന്ത്രി അന്വേഷണത്തിന് തയ്യാറാവില്ല. അദ്ദേഹത്തിന് സ്ഥാനം പോലും നഷ്ടപ്പെടാന്‍ അത് കാരണമാകും. ഇപ്പോള്‍ ഉള്ളത് ഹവാല ഇടപാടിന്റെ ഒരു കൂട്ടു കച്ചവടമാണ്. അതുകൊണ്ടാണ് വി ഡി സതീശന് അന്വേഷണത്തിന് തയ്യാറാകാത്തത്’, ഷോണ്‍ ജോര്‍ജ് പറഞ്ഞു.
ഡയറി ഉണ്ട് എന്നുള്ള കാര്യം റിയാസ് തന്നെ സമ്മതിച്ചു. സ്ഥിരം ചെയ്യുന്നതുകൊണ്ടാകും വീണ അങ്ങനെ എഴുതിവച്ചത്. സിപിഐഎമ്മിന്റെ തിരുത്തല്‍ രേഖ പ്രകാരം ഇന്ന് തന്നെ പിണറായിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട ഷോണ്‍, അതിനുള്ള തന്റേടം സിപിഐഎമ്മനുണ്ട് എന്ന് കരുതുന്നില്ലെന്നും പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. രാഷ്ട്രീയപരമായും നിയമപരമായി നേരിടും. ഇതിനെല്ലാം പിന്നില്‍ ഇടതുപക്ഷവും വലതുപക്ഷവും നടത്തുന്ന കൂട്ടു കച്ചവടമാണെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു.




