താൻ കാസ്റ്റിംഗ് കൗച്ചിന്റെ ഇരയാണെന്ന് നടൻ ഗോകുൽ സുരേഷ്. തക്കതായ രീതിയിൽ കാസ്റ്റിംഗ് കൗച്ച് നടത്തിയയാളെ കൈകാര്യം ചെയ്തുവെന്നും എന്നാൽ സിനിമ നഷ്ടമായെന്നും ഗോകുൽ പറഞ്ഞു. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ചൂഷണങ്ങൾക്ക് ഇരയാകുന്നുണ്ടെന്നും ഗോകുൽ പറയുന്നു. മലയാളത്തിൽ മാത്രമല്ല ഇത്തരം കാര്യങ്ങൾ നടക്കുന്നത്. ഇവിടുത്തെക്കാൾ പത്തോ നൂറോ ഇരട്ടിയാണ് മറ്റ് ഇന്റസ്ട്രികളിൽ നടക്കുന്നതെന്നും ഗോകുൽ പറഞ്ഞു.
ഗോകുൽ സുരേഷിന്റെ വാക്കുകൾ ഇങ്ങനെ
സ്ത്രീകൾ മാത്രമാണ് ചൂഷണങ്ങളിൽ അകപ്പെടുന്നതെന്ന് നമുക്ക് പറയാനാകില്ല. കാസ്റ്റിംഗ് കൗച്ചിനെ തടയുന്നൊരു നടന് ചിലപ്പോൾ സിനിമകൾ നഷ്ടപ്പെടാം. അതിന് സമാനമായൊരു അവസ്ഥയിലൂടെ ഞാൻ കടന്ന് പോയിട്ടുണ്ട്. സിനിമയിൽ എന്റെ തുടക്കക്കാലത്ത് ആണത്. പക്ഷേ അതൊന്നും ചർച്ച ചെയ്യാൻ എനിക്ക് താല്പര്യമില്ല. കാസ്റ്റിംഗ് കൗച്ച് നടത്തിയ ആളെ ഞാൻ തന്നെ കൈകാര്യം ചെയ്തിട്ടുണ്ടായിരുന്നു. തക്കതായ രീതിയിൽ തന്നെ. പക്ഷേ എനിക്ക് ആ സിനിമ നഷ്ടപ്പെട്ടു. ഇത്തരമൊരു ദുഷ്പ്രവണത നടക്കുമ്പോൾ ഒരു സ്ത്രീയെ മാത്രമല്ല, എന്നെയും അത് ബാധിച്ചു.
സോഷ്യൽ മീഡിയ വിളമ്പുന്നത് മാത്രമെ സാധാരണക്കാരയ ജനങ്ങൾക്ക് മനസിലാകൂ. അതുകൊണ്ട് തന്നെ ഒരു ഇന്റസ്ട്രിയോടുള്ള അവരുടെ കാഴ്ചപ്പാടുകൾ മാറി മറിയാം. ആ ഘട്ടത്തിലാണ് നിവിൻ ചേട്ടനെതിരെ ആരോപണം ഉയരുന്നത്. അത് വ്യാജമാണെന്ന് പറയുന്ന അവസ്ഥയിലേക്കും എത്തിയിട്ടുണ്ട്. ഇതിലൂടെ ഒരു സ്ത്രീയെ മാത്രമല്ല ഇത്തരം ചൂഷണങ്ങൾ ബാധിക്കുക എന്ന് ജനങ്ങൾക്ക് മനസിലായി കാണണം. പുരുഷനും സ്ത്രീയും ഇരകളാകുന്നുണ്ട്.