22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ദുരന്തബാധിതരായ കുട്ടികൾക്ക് വിദ്യാഭ്യാസം മുടങ്ങില്ല: 20 ദിവസത്തിനകം ക്ലാസുകള്‍ ആരംഭിക്കാൻ നടപടിയെന്ന് മന്ത്രി
Uncategorized

ദുരന്തബാധിതരായ കുട്ടികൾക്ക് വിദ്യാഭ്യാസം മുടങ്ങില്ല: 20 ദിവസത്തിനകം ക്ലാസുകള്‍ ആരംഭിക്കാൻ നടപടിയെന്ന് മന്ത്രി

കൽപ്പറ്റ: മേപ്പാടി ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ക്ലാസുകൾ പുനഃരാരംഭിക്കുമെന്ന് വിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 20 ദിവസത്തിനകം ക്ലാസുകള്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം വിദ്യാർത്ഥികളുടെ ക്ലാസുകൾ മുടങ്ങാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വയനാട് ജില്ലാ ആസൂത്രണ സമിതി ഭവനിലെ എപിജെ ഹാളിൽ ദുരന്തബാധിത മേഖലയിലെ ജനപ്രതിനിധികൾ, അധ്യാപകർ, പി ടി എ പ്രതിനിധികൾ , വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി

ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂളിലേയും മുണ്ടക്കൈ ഗവ. ജി എൽ പി സ്ക്കൂളിലേയും അടിസ്ഥാന സൗകര്യങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് നോഡൽ ഓഫീസറായി വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. മേൽനോട്ട ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും നല്‍കിയിട്ടുണ്ട്.

സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് വയനാട്ടിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് സർട്ടിഫിക്കറ്റുകൾ നേരിട്ട് വിതരണം ചെയ്യും.കുട്ടികൾക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിന് കെ എസ് ആർ ടി സിയുമായി ചർച്ച നടത്തും. ആവശ്യമെങ്കിൽ ബദൽ സംവിധാനം ഒരുക്കും. ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിന് അധിക സൗകര്യം ഒരുക്കും. കമ്പ്യൂട്ടറുകൾ KITE ലഭ്യമാക്കും. ക്യാമ്പിലെ വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകുമെന്നും മന്ത്രി പറഞ്ഞു.

സമഗ്ര പുനരധിവാസത്തിന്റെ ഭാഗമായി ടൗൺഷിപ്പ് രൂപപ്പെടുമ്പോൾ വെള്ളാർമല സ്കൂൾ അതേ പേരിൽ തന്നെ പുനർ നിർമ്മിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. മുണ്ടക്കൈ ഗവൺമെൻറ് എൽപി സ്കൂൾ പുനർനിർമ്മിക്കുന്നതിന് ചലച്ചിത്ര താരം മോഹൻലാൽ മൂന്നു കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. പുനർ നിർമാണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ നിന്നും തുക വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ മന്ത്രിമാരായ സജി ചെറിയാൻ, ഒ.ആർ കേളു, ടി സിദ്ദിഖ് എംഎൽഎ, , പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, കൈറ്റ് എക്സിക്യുട്ടീവ് ഡയറക്ടർ അൻവർ സാദത്ത്, സ്കോൾ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. പ്രമോദ്, എസ് ഐ ഇ ടി ഡയറക്ടർ ഡോ. അബുരാജ്, വയനാട് ഉപവിദ്യാഭ്യാസ ഡയറക്ടർ ശശീന്ദ്രവ്യാസ് എന്നിവർ പങ്കെടുത്തു.

വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളിൽ ഒന്നാം പാദ പരീക്ഷ മാറ്റിവെച്ചു
സെപ്തംബർ രണ്ട് മുതൽ 12 വരെ നടക്കുന്ന ഒന്നാം പാദ പരീക്ഷ വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളിൽ മാറ്റിവെച്ചു. ഈ സ്കൂളുകളിൽ പരീക്ഷകൾ പിന്നീട് നടത്തും. മറ്റേതെങ്കിലും വിദ്യാലയത്തിൽ പരീക്ഷ മാറ്റിവെക്കേണ്ടതുണ്ടെങ്കിൽ പൊതുവിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. സ്കൂളുകൾക്കാവശ്യമായ ഫർണിച്ചറുകൾ ലഭ്യമാക്കും. പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും സ്കൂൾ ബാഗും നഷ്ടപ്പെട്ട കുട്ടികൾക്ക് എല്ലാം ഉൾപ്പെടുന്ന സ്ക്കൂൾ കിറ്റ് നൽകും. ക്യാമ്പ് പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു.

Related posts

പാലക്കാട്ട് പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ച ഗോഡൗണിൽ തീപിടിത്തം, കെട്ടിടമടക്കം കത്തിയമർന്നു

ഡബ്ല്യുസിസിയുമായി എഎംഎംഎ യോജിച്ചുപോകണം, സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി അറിയില്ല; അശോകൻ

Aswathi Kottiyoor

ജ്വല്ലറിയിലെ മോഷണശ്രമം പ്രതികൾ പിടിയിൽ; പിടിയിലായത് നെടുമങ്ങാട് പാലോട് സ്വദേശികൾ

Aswathi Kottiyoor
WordPress Image Lightbox