വ്യാപകമായി ഉപയോഗിക്കുന്ന ഗ്ലൗ ഡ്രെയിൻ ചെലവു കുറഞ്ഞതും ഉപകാരപ്രദവും ആയ ഒരു രീതിയാണെന്നിരിക്കേ ഇത്തരത്തിലുള്ള വാർത്തകൾ പടച്ചുവിടുന്നത് പരിമിതമായ സൗകര്യങ്ങളിൽ ആത്മാർത്ഥമായി ആതുരസേവനം നടത്തുന്ന ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കാനേ ഉപകരിക്കുകയുള്ളൂ. ആരോഗ്യ വകുപ്പിൻ്റേയും ആരോഗ്യ പ്രവർത്തകരുടേയും പ്രതിച്ഛായ തകർക്കുന്ന തരത്തിൽ തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമായ വാർത്തകൾ സൃഷ്ടിക്കുന്നവർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം എന്നും സംഘടന ആവശ്യപ്പെട്ടു.
മുതുകിലെ പഴുപ്പ് നീക്കാൻ ശനിയാഴ്ചയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഷിനു ശസ്ത്രക്രിയക്ക് എത്തിയത്. പിന്നീട് ഇവിടെ നിന്ന് മടങ്ങി. രണ്ട് ദിവസം കഴിഞ്ഞിട്ടും വേദനയും നീരും മാറാതെ വന്നതോടെ ഭാര്യ കെട്ട് അഴിച്ച് നോക്കി. അപ്പോഴാണ് മുറിവിൽ കൈയ്യുറയും തുന്നിച്ചേർന്ന് കിടക്കുന്നത് കണ്ടത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു ശസ്ത്രക്രിയ നടന്നത്. എന്നാൽ അതിന് ശേഷവും കടുത്ത വേദന ഉണ്ടായിരുന്നു.
മുതുകിൽ പഴുപ്പ് നിറഞ്ഞ കുരു വന്നതിനെ തുടർന്നാണ് ഷിനു ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് ഭാര്യ സജിന പറഞ്ഞു. ആദ്യം അഞ്ച് ദിവസത്തേക്ക് മരുന്ന് കൊടുത്തു. അത് കഴിച്ചിട്ട് പോയപ്പോഴേക്കും ശനിയാഴ്ച രാവിലെ ശസ്ത്രക്രിയക്ക് തയ്യാറായി വരാൻ ഡോക്ടർ ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടെ ശസ്ത്രക്രിയ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങി. എന്നാൽ വേദന കൊണ്ട് ഉറങ്ങാൻ പറ്റാതെ വന്നതോടെയാണ് മുറിവിലെ കെട്ട് അഴിച്ച് പരിശോധിച്ചത്. കയ്യുറയുടെ വലിയൊരു ഭാഗം ശരീരത്തിൽ തുന്നിച്ചേർത്ത് വച്ചതാണ് കണ്ടതെന്നും സജിന ആരോപിച്ചിരുന്നു.