24.6 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • പ്ലസ് വൺ സീറ്റ് പ്രതിസന്ധി; എഇഒ ഓഫീസ് പൂട്ടിയിട്ട് എംഎസ്എഫ്
Uncategorized

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; എഇഒ ഓഫീസ് പൂട്ടിയിട്ട് എംഎസ്എഫ്

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ എഇഒ ഓഫീസ് പൂട്ടിയിട്ട് എംഎസ്എഫ് പ്രതിഷേധം. കണ്ണൂർ പാപ്പിനിശ്ശേരി എഇഒ ഓഫീസാണ് എംഎസ്എഫ് പ്രവർത്തകർ പൂട്ടിയിട്ടത്. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. വിവിധ വിദ്യാ‍ർത്ഥി സംഘടനകൾ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഇന്ന് കോഴിക്കോട് ആര്‍ഡിഡി ഓഫീസിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഓഫീസ് പൂട്ടിയിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി.

മലപ്പുറം ആര്‍ഡിഡി ഓഫീസിലേക്ക് എംഎസ്എഫ് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പിന്നാലെ കെഎസ്‌യു പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. ബലം പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. മലപ്പുറത്ത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകരും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പാലക്കാട്-കോഴിക്കോട് ദേശീയപാതയാണ് ഉപരോധിച്ചത്. റോഡില്‍ കിടന്നായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഫ്രറ്റേണിറ്റി ഉപരോധത്തില്‍ പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തിരുന്നു.

മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി കെഎസ്‌യു പ്രവർത്തകർ രം​ഗത്തെത്തിയിരുന്നു. വഴുതക്കാടുള്ള മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് പ്രതിഷേധം നടന്നത്. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ കെഎസ്‌യു, എംഎസ്എഫ് തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ ദിവസങ്ങളായി പ്രതിഷേധിക്കുകയാണ്. ജൂൺ 22ന് തലസ്ഥാനത്ത് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് എംഎസ്എഫ് പൂട്ടിയിട്ടിരുന്നു. ഇരുപതോളം പ്രവർത്തകരാണ് രാവിലെയോടെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് ഇരച്ചുകയറിയത്. ഇവരെയെല്ലാം പൊലീസെത്തി മാറ്റി. ബലപ്രയോഗത്തിലൂടെയാണ് ഇവരെ പുറത്തിറക്കിയത്. മലബാർ കേന്ദ്രീകരിച്ച് നടന്നുകൊണ്ടിരുന്ന സമരമിപ്പോൾ സംസ്ഥാനത്തുടനീളം വ്യാപിച്ചിരിക്കുകയാണ്.

Related posts

നെട്ടൂരിൽ കായലിൽ വീണ് കാണാതായ 16 കാരിയുടെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

തലക്കാണി ഗവ.യു.പി സ്കൂളിൽവരയുത്സവം ശിൽപ്പശാല സംഘടിപ്പിച്ചു .

Aswathi Kottiyoor

അമ്മയുടെ പെൻഷൻ വാങ്ങി മദ്യപിച്ച് ബഹളം; ചോദ്യംചെയ്ത ഭിന്നശേഷിക്കാരനായ സഹോദരനെ ക്രൂരമായി മർദ്ദിച്ച പ്രതി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox