മഞ്ചേരി: വഴിയാത്രികനായ പതിനാറുകാരനു നേരെ വീടിന്‍റെ സിറ്റൗട്ടിലിരുന്ന് ഉടുമുണ്ട് പൊക്കി കാണിച്ച അറുപതുകാരന് ആറു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയുടേതാണ് വിധി. മഞ്ചേരി വട്ടപ്പാറ ചുറ്റിക്കാട് വീട്ടില്‍ ചന്ദ്രശേഖരന്‍ എന്ന ശേഖരനാണ് ജഡ്ജി എ എം അഷ്റഫ് ശിക്ഷ വിധിച്ചത്.
2021 ജൂലൈ 23ന് ഉച്ചക്ക് മൂന്നു മണിയോടെയാണ് സംഭവം. ഭാര്യയോടൊപ്പം മലപ്പുറത്ത് താമസിച്ചു വരികയായിരുന്ന പ്രതി ഫ്ളാറ്റിന്‍റെ സിറ്റൗട്ടിലിരുന്ന് 16കാരനു നേരെ അശ്ലീല പ്രദർശനം നടത്തുകയായിരുന്നു. പരാതിക്കാരനെ പ്രതി മുൻപും ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതായും പരാതിയുണ്ട്. പോക്സോ ആക്ടിലെ രണ്ടു വകുപ്പുകളിലായാണ് ശിക്ഷ. മൂന്നു വര്‍ഷം വീതം കഠിന തടവ്, അരലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് രണ്ടു വകുപ്പുകളിലും ശിക്ഷ. പിഴയടക്കാത്ത പക്ഷം ഇരുവകുപ്പുകളിലും രണ്ടു മാസം വീതം അധിക തടവ് അനുഭവിക്കണം. പ്രതി പിഴയൊടുക്കുന്ന പക്ഷം തുക പരാതിക്കാരനായ കുട്ടിക്ക് നല്‍കണമെന്നും കോടതി വിധിച്ചു.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ എ സോമസുന്ദരന്‍ 12 സാക്ഷികളെ കോടതി മുൻപാകെ വിസ്തരിച്ചു. 11 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലെയ്സണ്‍ വിംഗിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍ സല്‍മ, പി ഷാജിമോള്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.